എം.വി ഗോവിന്ദന്റെ വെല്ലുവിളി നേരിടാന്‍ തയ്യാര്‍; കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയേയും കൂടി ഉപദേശിക്കണം: മറുപടിയുമായി സ്വപ്ന

എം.വി ഗോവിന്ദന്റെ വെല്ലുവിളി നേരിടാന്‍ തയ്യാര്‍; കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയേയും കൂടി ഉപദേശിക്കണം: മറുപടിയുമായി സ്വപ്ന

തിരുവനന്തപുരം: കഴിഞ്ഞ ദിവസം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പോരാട്ടം തുടരുമെന്നും സത്യം പുറത്തു കൊണ്ടുവരുമെന്നും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

കേസ് കൊടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വെല്ലുവിളി നേരിടാന്‍ തയ്യാറാണ്. മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി കേസ് കൊടുക്കാന്‍ ഉപദേശിക്കണമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

എന്നെ കണ്ടുവെന്ന് വിജേഷ് പിള്ളയെന്ന വിജയ് പിള്ള സമ്മതിച്ചു. ഹരിയാനയെക്കുറിച്ചും രാജസ്ഥാനെക്കുറിച്ചും പറഞ്ഞതും സമ്മതിച്ചു. 30 കോടി വാഗ്ദാനം ചെയ്തതും സമ്മതിച്ചു. എം.വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേരുകള്‍ പരാമര്‍ശിച്ചതായും വിജേഷ് സമ്മതിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ചും സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ ആവശ്യപ്പെട്ടതുമെല്ലാം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാം പറഞ്ഞത് മറ്റൊരു പശ്ചാത്തലത്തിലാണെന്നാണ് വിജേഷ് പറയുന്നത്. എനിക്ക് ഒരേയൊരു കാര്യം മാത്രമേ പറയാനുള്ളു...

സംഭവങ്ങള്‍ക്ക് പിന്നാലെ വിവരം പൊലീസിനെയും ഇ.ഡിയെയും അറിയിച്ചു. രേഖകള്‍ സമര്‍പ്പിച്ച് നിയമപരമായ നടപടികള്‍ സ്വീകരിച്ചു. രണ്ട് ഏജന്‍സികളും വിജേഷിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇനി അന്വേഷിച്ച് അവരാണ് അന്തിമ തീരുമാനത്തിലേക്ക് എത്തേണ്ടത്.

വിജേഷിനെ ആരെങ്കിലും അയച്ചതാണോ എന്ന് കണ്ടെത്തേണ്ടതും അന്വേഷണ സംഘമാണ്. എനിക്കെതിരെ മാനനഷ്ട, വഞ്ചനാ പരാതി നല്‍കിയെന്നാണ് വിജേഷ് പറയുന്നത്. ഏതു നിയമനടപടിയും നേരിടാന്‍ തയ്യാറാണ്.

ആരോപണങ്ങളില്‍ തെളിവുണ്ടെങ്കില്‍ പുറത്തുവിടാന്‍ വിജേഷ് എന്നെ വെല്ലുവിളിച്ചിട്ടുണ്ട്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു. എല്ലാ രേഖകളും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്. എന്നെ കോടതി കയറ്റിയാല്‍ അവിടെയും തെളിവുകള്‍ ഹാജരാക്കും. എം.വി ഗോവിന്ദന്‍ സ്വീകരിക്കുമെന്നു പറഞ്ഞിരിക്കുന്ന നിയമ നടപടിയും നേരിടും.

പക്ഷേ എനിക്ക് അദ്ദേഹത്തോട് അഭ്യര്‍ഥിക്കാനുള്ളത് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി അങ്ങ് എനിക്കെതിരെ കേസ് കൊടുക്കാന്‍ ഉപദേശിക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരില്‍ വെബ് സീരീസ് ഉണ്ടാക്കാന്‍ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസും ഉണ്ടോയെന്നു അന്വേഷണം നടത്തും എന്ന് ഞാന്‍ കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.