ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കും: ആന്റണി അല്‍ബനീസി

ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കും: ആന്റണി അല്‍ബനീസി

ന്യൂഡല്‍ഹി: ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഉറപ്പു നല്‍കി പ്രധാനമന്ത്രി ആന്റണി അല്‍ബനീസി. ഖാലിസ്ഥാന്‍ അനുകൂലികള്‍ ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടത്തുന്ന അതിക്രമത്തെ സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നരേന്ദ്ര മോഡി ഇക്കാര്യം അറിയിച്ചത്. അതിക്രമങ്ങളില്‍ നിന്ന് ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മോഡി പറഞ്ഞു.

'കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് ഓസ്ട്രേലിയയില്‍ നിന്ന് പതിവായി റിപ്പോര്‍ട്ടുകള്‍ വരുന്നതില്‍ ഖേദമുണ്ട്. ഇത് പ്രധാനമന്ത്രി അല്‍ബനീസിയെ അറിയിക്കുകയും അദ്ദേഹം ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് നല്‍കുകയും ചെയ്തതായി ആന്റണി അല്‍ബനീസിയോടൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി മോഡി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, പ്രതിരോധം, നിര്‍ണായക ധാതുക്കള്‍ എന്നീ മേഖലകളിലുള്ള ഉഭയകക്ഷി ഇടപെടല്‍ വര്‍ധിപ്പിക്കുന്നതില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഇന്തോ-പസഫിക്കിലെ സമുദ്ര സുരക്ഷയെക്കുറിച്ചും പരസ്പര സഹകരണത്തോടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.

'ഓസ്ട്രേലിയയും ഇന്ത്യയും നല്ല സുഹൃത്തുക്കളാണ്. ഓരോ ദിവസവും ഞങ്ങള്‍ ആ പങ്കാളിത്തം കൂടുതല്‍ ശക്തമായി കെട്ടിപ്പടുക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ചവരാകാന്‍ ഞങ്ങള്‍ ക്രിക്കറ്റ് മൈതാനത്ത് മത്സരിക്കുകയാണ്, എന്നാല്‍ ഒരുമിച്ച് ഞങ്ങള്‍ ഒരു മികച്ച ലോകം കെട്ടിപ്പടുക്കുകയാണ് - അല്‍ബനീസി പറഞ്ഞു.

ആന്റണി അല്‍ബനീസി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ഇന്ത്യയിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണ് ഇത്.

പ്രതിരോധം, ശുദ്ധ ഊര്‍ജം, വിദ്യാഭ്യാസം, സാമ്പത്തിക മേഖലകളില്‍ സഹകരണം വിപുലീകരിക്കാന്‍ ന്യൂഡല്‍ഹിയും കാന്‍ബറയും ശ്രമിക്കും. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, തൊഴിലാളികള്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്ന മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി കരാറിന്റെ ചര്‍ച്ചകളിലെ പുരോഗതിയും ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ചചെയ്തു.

രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി മോഡി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ആല്‍ബനീസി കൂടിക്കാഴ്ച നടത്തി. 2017-ലായിരുന്നു ഒരു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ അവസാന ഇന്ത്യാ സന്ദര്‍ശനം. 2022-ലും 2023-ലും ഇരുപക്ഷവും തമ്മിലുള്ള ഉന്നതതല ഇടപെടലുകള്‍ക്കും മന്ത്രിതല യാത്രകള്‍ക്കും ശേഷമാണ് അല്‍ബനീസിയുടെ സന്ദര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.