ചിലി വിമാനത്താവളത്തില്‍ 320 ലക്ഷം ഡോളറിന്റെ കവര്‍ച്ചാശ്രമം: വെടിവയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ചിലി വിമാനത്താവളത്തില്‍ 320 ലക്ഷം ഡോളറിന്റെ കവര്‍ച്ചാശ്രമം: വെടിവയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു

സാന്റിയാഗോ: ചിലിയിലെ ഏറ്റവും വലിയ വിമാനത്താവളത്തില്‍ കവര്‍ച്ചാ ശ്രമത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ അര്‍തുറോ മെറിനോ ബെനിറ്റസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന വെടിവയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒരു കൊള്ളക്കാരനുമാണ് കൊല്ലപ്പെട്ടത്. മിയാമിയില്‍ നിന്ന് എത്തിയ വിമാനത്തില്‍ കൊണ്ടുവന്ന 32 മില്യണ്‍ ഡോളറിലധികം പണം തട്ടിയെടുക്കാന്‍ കൊള്ളക്കാര്‍ ശ്രമിച്ചതായി അധികൃതര്‍ പറഞ്ഞു.

ലാതം എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിച്ച 32.5 മില്യണ്‍ ഡോളര്‍ ഒരു കവചിത ട്രക്കിലേക്ക് മാറ്റുന്നതിനിടയില്‍ ആയുധധാരികളായ 10 കൊള്ളക്കാര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ സുരക്ഷാ നടപടികള്‍ ലംഘിച്ച് എത്തുകയായിരുന്നുവെന്ന് ഇന്റീരിയര്‍ സബ്സെക്രട്ടറി മാനുവല്‍ മോണ്‍സാല്‍വ് പറഞ്ഞു.

തുടര്‍ന്ന് കവര്‍ച്ചക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വെടിവയ്പുണ്ടായി. വെടിവയ്പ്പില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ (ഡിജിഎസി) സുരക്ഷാ ജീവനക്കാരനും ഒരു അക്രമിയുമാണ് കൊല്ലപ്പെട്ടത്. മറ്റ് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. കത്തിനശിച്ച രണ്ട് വാഹനങ്ങള്‍ സമീപത്തുനിന്ന് പിന്നീട് കണ്ടെത്തി.

ഡിജിഎസി ഉദ്യോഗസ്ഥരുടെ ധീരമായ നടപടിയാണ് കവര്‍ച്ചയെ തടഞ്ഞതെന്നും കൊള്ളക്കാര്‍ വളരെ സംഘടിതരും സായുധരുമായിരുന്നുവെന്നും മോണ്‍സാല്‍വ് പറഞ്ഞു. യാത്രക്കാര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡിജിഎസി മേധാവി റൗള്‍ ജോര്‍ക്വറ പറഞ്ഞു.

രാജ്യത്തെ പ്രധാന തുറമുഖത്തും ട്രെയിലും ദശലക്ഷക്കണക്കിന് ഡോളറിന്റെ കവര്‍ച്ച ഉള്‍പ്പെടെ ചിലിയിലെ സംഘടിത കുറ്റകൃത്യങ്ങള്‍ സമീപ വര്‍ഷങ്ങളിലായി വര്‍ദ്ധിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.