അഗർത്തല: ത്രിപുരയിൽ സന്ദർശനത്തിനെതിയ സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിന് നേരെ ആക്രമണം. നേതാക്കളെ ദേഹോപദ്രവത്തിന് ശ്രമിച്ചെന്നും വാഹനങ്ങൾ അടിച്ചു തകർത്തെന്നുമാണ് പരാതി. സംഭവത്തിൽ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും എംപിമാർ ആരോപിച്ചു.
ത്രിപുരയിലെ സംഘർഷ മേഖലകളാണ് ഇടത്, കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നത്. ബിശാല്‍ഗഡ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനങ്ങളുമായി സംസാരിക്കുന്നതിനിടയിൽ ഒരുകൂട്ടം ആളുകൾ എത്തി ആക്രമിക്കുകയായിരുന്നെന്നാണ് നേതാക്കൾ പറയുന്നത്.
ബിജെപി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എംപിമാർ ആരോപിച്ചു. ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ വിവിധ ഇടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഘർഷ മേഖലകൾ സന്ദർശിക്കാനാണ് പ്രതിപക്ഷ എംപിമാർ ത്രിപുരയിൽ എത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ത്രിപുര ഗവര്‍ണറെയും എംപിമാര്‍ കാണുന്നുണ്ട്.
‘ബിസാൽഗാർഹ്, മോഹൻപുർ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നോതാക്കളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. നേതാക്കൾക്ക് ഒപ്പമുണ്ടായിരുന്ന പൊലീസ് മൗനം പാലിക്കുകയാണ് ചെയ്തത്. നാളെ ബിജെപി അവിടെ വിജയറാലി സംഘടിപ്പിക്കുന്നുണ്ട്. പാർട്ടി സ്പോൺസർ ചെയ്ത കലാപത്തിന്റെ വിജയമാണ് ആഘോഷിക്കുന്നത്’- കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു.
ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എം.പിമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിഷേധം രേഖപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നത്.
പൊലീസ് നിഷ്ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്‌ഥാനത്തെ നിയമവാഴ്ച പുനസ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ത്രിപുരയിൽ നടന്ന തിരഞ്ഞെടുപ്പിൽ 32 സീറ്റുകളുമായി ബിജെപി അധികാരത്തിലേറിയിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം വ്യാപകമായ അക്രമണങ്ങൾ അറങ്ങേറിയതിൽ പ്രതിഷേധിച്ച് ഇടതുപാർട്ടികളും കോൺഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.