ബ്രഹ്മപുരം ജൈവമാലിന്യ സംസ്‌കരണം: കഴിഞ്ഞ വര്‍ഷം കരാര്‍ നല്‍കിയത് സിപിഎം നേതാവിന്റെ കമ്പനിക്ക്

ബ്രഹ്മപുരം ജൈവമാലിന്യ സംസ്‌കരണം: കഴിഞ്ഞ വര്‍ഷം കരാര്‍ നല്‍കിയത് സിപിഎം നേതാവിന്റെ കമ്പനിക്ക്

കൊച്ചി: ബ്രഹ്മപുരം ജൈവമാലിന്യ സംസ്‌കരണ ടെന്‍ഡറില്‍ കഴിഞ്ഞ വര്‍ഷം കരാര്‍ ലഭിച്ചത് സിപിഎം നേതാവിന്റെ കമ്പനിക്ക്. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ രണ്ട് പങ്കാളികളില്‍ ഒരാള്‍ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീര്‍ ബാബുവാണ്. ടെന്‍ഡറില്‍ അട്ടിമറി നടന്നു എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും കമ്പനി നേരിടുകയാണ്.

കൊച്ചി കോര്‍പ്പറേഷനില്‍ പ്രതിദിന മാലിന്യ സംസ്‌കരണത്തില്‍ ഏറ്റവും ഒടുവില്‍ കരാര്‍ നേടിയ കമ്പനി സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സാണ്. തീപിടുത്തം ഉണ്ടായ മാര്‍ച്ച് രണ്ടിനാണ് കരാര്‍ അവസാനിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി സക്കീര്‍ ബാബു, വിവാദ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കിയ സംഘടനയിലെ വൈസ് പ്രസിഡന്റ് സേവി ജോസഫ് എന്നീ രണ്ട് പേരാണ് കമ്പനി ഉടമകള്‍.

കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നത് 2021 ഏപ്രില്‍ 21 നാണ്. മാലിന്യ സംസ്‌കരണത്തില്‍ ഒരു മുന്‍പരിചയവും സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിനില്ല. എന്നാല്‍ ടെക്‌നോഗ്രൂപ്പ് എന്ന മറ്റൊരു കമ്പനിയുമായി ചേര്‍ന്ന് കരാര്‍ സ്വന്തമാക്കിയത് മുതല്‍ അടിമുടി ദുരൂഹതകളാണ്. പ്രതിദിനം 250 ടണ്‍ മാലിന്യം സംസ്‌കരിച്ചുള്ള പ്രവൃത്തി പരിചയം വേണമെന്നതാണ് പ്രധാന നിബന്ധന. 100 ടണ്‍ പോലും പ്രതിദിന സംസ്‌കരണം നടക്കാത്ത ഒറ്റപ്പാലത്തെയും മലപ്പുറത്തെയും പ്രവൃത്തി പരിചയം കാട്ടി ടെക്‌നിക്കല്‍ ബിഡ് വിജയിച്ചതാണ് പ്രധാന ആരോപണം.

സ്റ്റാര്‍കണ്‍ട്രക്ഷന്‍സിന്റെ കരാര്‍ കാലാവധി അവസാനിക്കാന്‍ രണ്ട് മാസം ബാക്കി നില്‍ക്കെ പുതിയ ടെന്‍ഡര്‍ ക്ഷണിക്കണമെന്ന ചട്ടം നിലനില്‍ക്കെ കോര്‍പ്പറേഷന്‍ ഇതും അവഗണിച്ചു. ഒടുവില്‍ തീ കത്തി വിവാദമായതിന് പിന്നാലെയാണ് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്. പ്രതിദിന മാലിന്യ സംസ്‌കരണ കരാര്‍ നേടിയെടുത്തതിലെ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍്‌സ് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.