കോവിഡ് വൈറസ് വ്യാപനത്തില്‍ നിന്നും പൂര്‍ണമായും മുക്തി നേടുന്ന ഘട്ടത്തിലാണ് മറ്റൊരു വൈറസ് രാജ്യത്തെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുന്നത്. എച്ച്3 എന്‍2 വൈറസ് ബാധയെ തുടര്‍ന്ന് ആദ്യ രണ്ട് മരണം ഇന്നലെ സംഭവിച്ചതോടെ രാജ്യത്ത് പുതിയ ഭീതി ഉടലെടുത്തിരിക്കുകയാണ്.
ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ അധികൃതര്‍ നീക്കം നടത്തുമ്പോഴും രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വ്യാപനം മറികടക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശ്രമങ്ങള്‍ സജീവമാക്കിയിരിക്കെ ഈ വൈറസ് എന്താണെന്നും അത് എത്രത്തോളം അപകടകരമാണെന്നും നോക്കാം.
എന്താണ് എച്ച്3 എന്‍2 വൈറസ്:
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് കാരണമാവുന്ന ഒരു തരം ഇന്‍ഫളുവന്‍സ വൈറസാണ് എച്ച്3 എന്‍2. ഇത് പക്ഷികളിലും സസ്തനികളിലും കാണപ്പെടാറുണ്ട്. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് അനുസരിച്ച് ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ സബ് ടൈപ്പാണ് എച്ച്3 എന്‍2.
ലക്ഷണങ്ങള്‍ എന്തൊക്കെ?
പനി, ചുമ, നേരിയ ശ്വാസകോശ അണുബാധ മുതല്‍ കഠിനമായ ന്യുമോണിയ വരെ ലക്ഷണങ്ങളായി ഉണ്ടാവാം. വൈറസ് അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (ശ്വാസകോശത്തിലെ വായു അറകളില്‍ ദ്രാവകം നിറഞ്ഞതിനെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥ) ഉണ്ടാവുകയും ചില കേസുകളില്‍ മരണം വരെ സംഭവിച്ചേക്കാനും സാധ്യതയുണ്ട്.
വിറയല്‍, ചുമ, പനി, ചര്‍ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, മൂക്കൊലിപ്പ് എന്നിവയും ഈ വൈറസിന്റെ സാധാരണ ലക്ഷണങ്ങളാണ്. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചുവേദന, തുടര്‍ച്ചയായ പനി, ഭക്ഷണം വിഴുങ്ങുമ്പോള്‍ തൊണ്ടയില്‍ വേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടത് നിര്‍ബന്ധമാണ്.
എച്ച്3 എന്‍2 പകര്‍ച്ചവ്യാധിയാണോ?
ഇന്‍ഫ്‌ളുവന്‍സ വൈറസ് ഇനത്തില്‍പ്പെട്ട എച്ച്3 എന്‍2 പകര്‍ച്ച വ്യാധിയാണ്. രോഗബാധയുള്ള ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന അണുക്കള്‍ വഴി രോഗം പകരാം. വൈറസ് ബാധയുള്ള ആള്‍ സമ്പര്‍ക്കം പുലര്‍ത്തിയ വസ്തുക്കള്‍ സ്പര്‍ശിച്ച ശേഷം കൈകള്‍ വായിലോ മൂക്കിലോ സ്പര്‍ശിച്ചാലും ഇത് പടരാന്‍ ഇടയാക്കും.
ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
വ്യാപനം എങ്ങനെ തടയാം ?
ഇടക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുക, മാസ്‌ക് ധരിക്കുക, ആള്‍ക്കൂട്ടമുള്ള ഇടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കുക, മൂക്കിലും വായിലും വിരല്‍കൊണ്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മൂടുക, ജലാംശം നിലനിര്‍ത്തുക, നന്നായി ഭക്ഷണം കഴിക്കുക എന്നിവ പ്രധാനമാണ്.
പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക, ഷേക്ക് ഹാന്‍ഡ് നല്‍കുന്ന ശീലം മാറ്റുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നീ കാര്യങ്ങളെക്കുറിച്ചും ശ്രദ്ധിക്കണം.
രോഗബാധ ഒഴിവാക്കാന്‍ ചെയ്യേണ്ടത് ?
ഒരു വ്യക്തിക്ക് എച്ച്3 എന്‍2 ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍, അവര്‍ ശരിയായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പനി കുറയ്ക്കുന്നതിന് അസറ്റാമിനോഫെന്‍ അല്ലെങ്കില്‍ ഐബുപ്രോഫെന്‍ പോലുള്ള ഓവര്‍-ദി-കൗണ്ടര്‍ വേദനസംഹാരികള്‍ ഉപയോഗിക്കുകയും വേണം.
രോഗ ലക്ഷണങ്ങള്‍ ഗുരുതരമാണെങ്കില്‍ അല്ലെങ്കില്‍ രോഗിക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കില്‍, ഒസെല്‍റ്റമിവിര്‍, സനാമിവിര്‍ തുടങ്ങിയ ആന്റിവൈറല്‍ മരുന്നുകളും ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.