ബ്രഹ്മപുരത്തില്‍ മിണ്ടാട്ടമില്ല: ഷി ചിന്‍പിങ് വീണ്ടും പ്രസിഡന്റായതില്‍ വാചാലനായി; മുഖ്യമന്ത്രിയുടെ ട്വീറ്റിന് വ്യാപക പ്രതിഷേധം

ബ്രഹ്മപുരത്തില്‍ മിണ്ടാട്ടമില്ല: ഷി ചിന്‍പിങ് വീണ്ടും പ്രസിഡന്റായതില്‍ വാചാലനായി; മുഖ്യമന്ത്രിയുടെ ട്വീറ്റിന് വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ബ്രഹ്മപുരത്ത് സ്വന്തം ജനത വിഷപ്പുക ശ്വസിച്ച് കഴിയേണ്ടിവരുമ്പോള്‍ ഒരക്ഷരം ഉരിയാടാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷി ചിന്‍പിങ് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതില്‍ 'വാചാല'നായി. ഷി ക്ക് ആശംസ അറിയിച്ചുള്ള ട്വീറ്റില്‍ ലോക രാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവരുന്നത് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി കുറിച്ചു. 

''പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിന്‍പിങിന് വിപ്ലവ ആശംസകള്‍. ആഗോള രാഷ്ട്രീയത്തിലെ ഒരു മുഖ്യ ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് പ്രശംസനീയമാണ്. കൂടുതല്‍ അഭിവൃദ്ധിപ്പെടാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍'' ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. 

ആശംസ അറിയിച്ചതിനു പിന്നാലെ ജനങ്ങളുടെ പ്രതിഷേധം കമന്റുകളായി ട്വീറ്റിന് താഴെ നിറഞ്ഞു. 'ഈ കരുതല്‍ സ്വന്തം നാടിനോട് കാണിച്ചൂടെ', 'ബ്രഹ്മപുരത്തെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വന്‍ വിപത്തിന് സാക്ഷിയാകും', 'ബ്രോ, ബ്രഹ്മപുരത്തെ കുറിച്ചു രണ്ടുവരി' എന്നിങ്ങനെ പരിഹാസവും വിമര്‍ശനവും നിറഞ്ഞതായിരുന്നു കമന്റുകള്‍.

ചൈനയിലെ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍പിസി)യിലെ മൂവായിരത്തോളം അംഗങ്ങള്‍ 69കാരനായ ഷി ജിന്‍പിങിന് വോട്ട് ചെയ്യുകയായിരുന്നു. ഷി ജിന്‍പിങിനെതിരെ മത്സര രംഗത്ത് ആരുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവോ സേതുങിന് ശേഷം ആദ്യമായാണ് മൂന്നാം തവണ ഒരാള്‍ തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. തുടര്‍ച്ചയായി രണ്ടു തവണയിലധികം ഒരാള്‍ പ്രസിഡന്റ് പദവിയിലിരിക്കരുതെന്ന വ്യവസ്ഥ ഷീ നേരത്തെ തന്നെ ചൈനീസ് ഭരണഘടനയില്‍നിന്ന് നീക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.