സെര്‍ജിയൂസ് ഒന്നാമന്‍ പാപ്പായുടെ പിന്‍ഗാമിയായി തിരുസഭയുടെ എണ്‍പത്തിയഞ്ചാമത്തെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ ആറാമന്‍ മാര്‍പ്പാപ്പ ഗ്രീസിലെ എഫേസോസിലാണ് ജനിച്ചത്. പിന്നീട് അദ്ദേഹം റോമിലേക്കു വരികയും തന്റെ പൗരോഹിത്യ ശുശ്രൂഷ റോമില്‍ തുടരുകയും ചെയ്തു. രാഷ്ട്രീയമായി അസ്ഥിരതകള്‍ നിലനിന്നിരുന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹം വി. പത്രോസിന്റെ സിംഹാസനത്തില്‍ ആരോഹിതനായത്.
സെര്‍ജിയൂസ് ഒന്നാമന്‍ പാപ്പയുടെ കാലശേഷം ഏകദേശം ഏഴാഴ്ച്ചകള്‍ക്കുശേഷം ഏ.ഡി. 701 ഒക്ടോബര്‍ 30-ാം തീയതി ജോണ്‍ ആറാമന്‍ പാപ്പാ പുതിയ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അന്നേ ദിവസം തന്നെ അദ്ദേഹത്തിന്റെ സ്ഥാനാരോഹണവും നടന്നു. റോമാ ചക്രവര്‍ത്തിയുടെ അംഗീകാരത്തിനായി കാത്തിരിക്കാതെ റോമിന്റെ മെത്രാന്റെ സ്ഥാനാരോഹണം നടത്താം എന്ന സ്ഥിതി സംജാതമായതായിരുന്നു ഇതിനുള്ള കാരണം.
ബെനെവെന്തോയിലെ നാടുവാഴി സഭാസ്വത്തുക്കള്‍ പിടിച്ചെടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ അത്തരം നീക്കങ്ങളെ ചെറുക്കുകയും സഭാസ്വത്തുക്കള്‍ക്കും പേപ്പല്‍ അതിര്‍ത്തികള്‍ക്കും സംരക്ഷണം തീര്‍ക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ തടവിലാക്കപ്പെടുകയും ചെയ്തവരെ മോചിപ്പിക്കുന്നതിനായി വലിയ തുക തന്നെ മോചനദ്രവ്യമായി നല്‍കുവാന്‍ ജോണ്‍ പാപ്പാ തയ്യാറായി. ചക്രവര്‍ത്തിയുടെ എക്‌സാര്‍ക്കായിരുന്ന തെയോഫിലാക്റ്റിനെ ഇറ്റാലിയന്‍ സേനയിലെ കലാപകാരികള്‍ ആക്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുവാന്‍ നിമിത്തമായത് പാപ്പായുടെ അവസരോചിതമായ ഇടപെടലുകളായിരുന്നു.
ഏ.ഡി. 703-ല്‍ തന്റെ രൂപതയില്‍ നിന്നും മൂന്നാമതും നിഷ്‌കാസിതനായി യോര്‍ക്ക് രൂപതയുടെ മെത്രാന്‍ വില്‍ഫ്രിഡ്, റോമില്‍ പാപ്പായുടെ പക്കല്‍ അഭയം തേടി എത്തിയപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ജോണ്‍ പാപ്പാ ഏ.ഡി. 704-ല്‍ നാലുമാസത്തോളം നീണ്ടുനില്‍ക്കുന്ന ഒരു സിനഡ് വിളിച്ചു ചേര്‍ക്കുകയും വില്‍ഫ്രിഡ് മെത്രാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ജോണ്‍ ആറാമന്‍ പാപ്പായുടേതായി ഇന്ന് ലഭ്യമായിട്ടുള്ള ഏക എഴുത്ത് പ്രസ്തുത സിനഡിനുശേഷം അദ്ദേഹം നോര്‍ത്തബ്രിയയിലെയും മെര്‍സിയയിലെയും രാജാക്കന്മാരെ അഭിസംബോധന ചെയ്ത് എഴുതിയിട്ടുള്ള കത്താണ്. പ്രസ്തുത കത്തിലൂടെ നോര്‍ത്തബ്രിയയിലെയും മെര്‍സിയയിലെയും രാജാക്കന്മാരോട് യോര്‍ക്കിലെ മെത്രാന്റെ വിഷയത്തില്‍ ഒരു സിനഡിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തുവാന്‍ കാന്റർബറിയിലെ ആര്‍ച്ച്ബിഷപ്പിനോട് ആവശ്യപ്പെടുവാന്‍ പാപ്പാ നിര്‍ദ്ദേശിച്ചു. എന്നാല്‍ അത്തരമൊരു ശ്രമത്തില്‍ പരാജയപ്പെടുന്ന പക്ഷം എല്ലാ പക്ഷക്കാരും പ്രശ്‌നപരിഹാരം സാധ്യമാക്കുവാനായി റോമിലേക്ക് വരണമെന്നും പാപ്പാ നിഷ്‌കര്‍ഷിച്ചു.
ഏ.ഡി. 705 ജനുവരി 11-ാം തീയതി ജോണ്‍ ആറാമന്‍ പാപ്പാ കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.