ബ്രഹ്മപുരത്ത് തീയും പുകയും നിയന്ത്രണ വിധേയം: കനലിന്റെ സാന്നിധ്യം കണ്ടെത്താന്‍ കാമറ ഘടിപ്പിച്ച ഡ്രോണുകള്‍; മെഡിക്കല്‍ പരിശോധന ഇന്ന് മുതല്‍

ബ്രഹ്മപുരത്ത് തീയും പുകയും നിയന്ത്രണ വിധേയം: കനലിന്റെ സാന്നിധ്യം കണ്ടെത്താന്‍ കാമറ ഘടിപ്പിച്ച ഡ്രോണുകള്‍; മെഡിക്കല്‍ പരിശോധന ഇന്ന് മുതല്‍

കൊച്ചി: ബ്രഹ്മപുരം പ്ലാന്റില്‍ 11 ദിവസമായി തുടരുന്ന തീയും പുകയും നിയന്ത്രണ വിധേയം. ഏഴ് സെക്ടറുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പുക പൂര്‍ണമായും ശമിച്ചാല്‍ ഉദ്യമം അവസാനിപ്പിക്കാമെന്നും കളക്ടര്‍ പറഞ്ഞു.

തീ അണഞ്ഞ ഭാഗങ്ങളില്‍ വീണ്ടും തീയും പുകയും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ നിരന്തര നിരീക്ഷണം നടത്തുന്നുണ്ട്. തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിംഗ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകള്‍ വിന്യസിക്കാനും ജില്ലാ ഭരണകൂടം നടപടിയെടുത്തിട്ടുണ്ട്.

പുക കുറഞ്ഞതോടെ വായുവിന്റെ ഗുണനിലവാരം വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. പൂക മൂലം ഉണ്ടായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്.

പുക ബാധിത മേഖലകളില്‍ മൂന്ന് ദിവസം കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.