'നാട്ടു നാട്ടു' ചിത്രീകരിച്ചത് ഉക്രെയ്ന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍; സെലന്‍സ്‌കി നടനായതിനാലാണ് ഷൂട്ടിങിന് അനുമതി ലഭിച്ചതെന്ന് രാജമൗലി

 'നാട്ടു നാട്ടു' ചിത്രീകരിച്ചത് ഉക്രെയ്ന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍;  സെലന്‍സ്‌കി നടനായതിനാലാണ് ഷൂട്ടിങിന് അനുമതി ലഭിച്ചതെന്ന് രാജമൗലി

ലോസ് ആഞ്ചലസ്: ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ സൗണ്ട് ട്രാക്ക് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ സൂപ്പര്‍ഹിറ്റ് ഗാനം 'നാട്ടു നാട്ടു' ചിത്രീകരിച്ചത് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുടെ കൊട്ടാരത്തില്‍.

ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഈ കെട്ടിടം മരിന്‍സ്‌കി കൊട്ടാരം എന്നാണ് അറിയപ്പെടുന്നത്. ഉക്രെയ്ന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണിത്. കൊട്ടാരത്തിന് സമീപത്താണ് ഉക്രെയ്ന്‍ പാര്‍ലമെന്റ്.

ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഒരു ടെലിവിഷന്‍ നടന്‍ ആയിരുന്നതു കൊണ്ടാണ് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ചിത്രീകരണം നടത്താനുള്ള അനുമതി ലഭിച്ചതെന്ന് ഒരഭിമുഖത്തില്‍ എസ്.എസ് രാജമൗലി വ്യക്തമാക്കിയിരുന്നു.

ഏറ്റവും രസകരമായ കാര്യം എന്തെന്നാല്‍ ഒരു ടെലിവിഷന്‍ പരമ്പരയില്‍ പ്രസിഡന്റായി വേഷമിട്ടതിന് പിന്നാലെയാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഉക്രയ്ന്‍ പ്രസിഡന്റായത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് മുന്‍പായിരുന്നു നാട്ടു നാട്ടു ചിത്രീകരണം.

എസ്.എസ് രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' എന്ന ചിത്രത്തില്‍ എം.എം കീരവാണി സംഗീത സംവിധാനവും ചന്ദ്രബോസ് വരികള്‍ എഴുതുകയും ചെയ്ത നാട്ടു നാട്ടു നേടുന്ന മൂന്നാമത്തെ വലിയ പുരസ്‌കാരമാണിത്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബും, ക്രിട്ടിക്സ് ചോയ്സ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.