ഹൈദരാബാദിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വീഴ്ത്തി (4-3) മോഹന്‍ ബഗാന്‍ ഐഎസ്എല്‍ ഫൈനലില്‍

ഹൈദരാബാദിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വീഴ്ത്തി (4-3) മോഹന്‍ ബഗാന്‍ ഐഎസ്എല്‍ ഫൈനലില്‍

കൊല്‍ക്കത്ത: എ.ടി.കെ മോഹന്‍ ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിലെത്തി. രണ്ടാംപാദ സെമി ഫൈനലില്‍ ഹൈദരാബാദ് എഫ്.സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ന് കീഴടക്കിയാണ് മോഹന്‍ബഗാന്‍ ഫൈനല്‍ പ്രവേശനം നേടിയത്.

ആദ്യപാദ മത്സരം സമനിലയില്‍ കലാശിച്ചതോടെ രണ്ടാം പാദ മത്സരം നിര്‍ണായകമായി. എന്നാല്‍ രണ്ടാം പാദത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മന്‍വീര്‍ സിങ്, പ്രീത് കോട്ടാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹൈദരാബാദിനായി ജാവോ വിക്ടര്‍, രോഹിത് ദാനു, റീഗന്‍ സിങ് എന്നിവര്‍ വലകുലുക്കി. മോഹന്‍ ബഗാന്റെ അഞ്ചാം ഐ.എസ്.എല്‍ ഫൈനല്‍ പ്രവേശനമാണിത്.

ആദ്യത്തെ പത്തുമിനിറ്റില്‍ ഇരുടീമുകള്‍ക്കും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. പതിനഞ്ചാം മിനിറ്റില്‍ ഹൈദരാബാദിന്റെ ബോര്‍യയ്ക്ക് മികച്ച അവസരം ലഭിച്ചിട്ടും താരത്തിന് പന്ത് കാലിലൊതുക്കാനായില്ല. പതിനെട്ടാം മിനിറ്റില്‍ സുഭാശിഷിന്റെ ക്രോസിന് മന്‍വീര്‍ തലവെച്ച് പന്ത് പോസ്റ്റിലെത്തിച്ചെങ്കിലും ഹൈദരാബാദ് ഗോള്‍കീപ്പര്‍ ഗുര്‍മീത് സിങ് പന്ത് കൈയ്യിലൊതുക്കി.

ഇരുപത്തൊന്നാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ഗ്ലാന്‍ മാര്‍ട്ടിന്‍സിന്റെ ലോങ്റേഞ്ചര്‍ പോസ്റ്റിന് പുറത്തേക്ക് പോയി. ഇരുപത്തിമൂന്നാം മിനിറ്റില്‍ മന്‍വീറിന്റെ ഗംഭീര ലോങ്റേഞ്ചര്‍ പോസ്റ്റിലിടിച്ച് തെറിച്ചു. പിന്നീട് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും ആദ്യ പകുതിയില്‍ കഴിഞ്ഞില്ല. ഇതോടെ ആദ്യപകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയില്‍ അമ്പത്തേഴാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ഹ്യൂഗോ ബൗമസിന് തുറന്ന അവസരം ലഭിച്ചു. എന്നാല്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നിലുണ്ടായിട്ടും ബൗമസിന് ലക്ഷ്യം കാണാനായില്ല. ബൗമസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ തടുത്തിട്ടു. മത്സരത്തില്‍ ഹൈദരാബാദിന്റെ മുന്നേറ്റം ദുര്‍ബലമായിരുന്നു. ആദ്യ 80 മിനിറ്റില്‍ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല.

എണ്‍പത്താറാം മിനിറ്റില്‍ പകരക്കാരനായി വന്ന ഹൈദരാബാദ് താരം സിവിയേറോയുടെ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത് കൈയ്യിലൊതുക്കി. ഇന്‍ജുറി ടൈമില്‍ കാള്‍ മക്ഹ്യൂവിന്റെ ഹെഡ്ഡര്‍ ഹൈദരാബാദ് പോസ്റ്റിന് മുകളിലൂടെ പറന്നു. രണ്ടാം പകുതിയിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടു. ഇരുടീമുകളും നിശ്ചിത സമയത്തും സമനിലയില്‍ പിരിഞ്ഞു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങള്‍ സൃഷ്ടിക്കാന്‍ രണ്ട് ടീമുകള്‍ക്കും കഴിയാതെ വന്നു. ഇതോടെ രണ്ടാം സെമിയും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഹൈദരാബാദാണ് ആദ്യം കിക്കെടുത്തത്. ജാവോ വിക്ടറിന്റെ കിക്ക് അനായാസം വലയിലെത്തി. മോഹന്‍ ബഗാനുവേണ്ടി ആദ്യ കിക്കെടുത്തത് പെട്രറ്റോസാണ്. താരവും വലകുലുക്കിയതോടെ സ്‌കോര്‍ 1-1 ആയി.

എന്നാല്‍ രണ്ടാം കിക്കെടുത്ത ഹൈദരാബാദിന്റെ സിവേറിയോയുടെ കിക്ക് ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് തട്ടിയകറ്റി. പിന്നാലെ വന്ന ഗല്ലെഗോ മോഹന്‍ ബഗാന് വേണ്ടി ലക്ഷ്യം കണ്ടതോടെ ടീം 2-1 ന് മുന്നിലെത്തി. മൂന്നാം കിക്കെടുത്ത സൂപ്പര്‍ താരം ഓഗ്ബെച്ചെയ്ക്കും പിഴച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചു.

മോഹന്‍ ബഗാന് വേണ്ടി മൂന്നാം കിക്കെടുത്ത മന്‍വീര്‍ സിങ്ങും ലക്ഷ്യം കണ്ടതോടെ മോഹന്‍ ബഗാന്‍ 3-1 ന്റെ ലീഡ് നേടിയെടുത്തു. ഹൈദരാബാദിനായി നാലാം കിക്കെടുത്ത രോഹിത് ദാനു ലക്ഷ്യം കണ്ടു. എന്നാല്‍ നാലാം കിക്കെടുത്ത മോഹന്‍ ബഗാന്റെ ബ്രെണ്ടന്‍ ഹാമിലിന് പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. ഇതോടെ സ്‌കോര്‍ 3-2 ആയി.

ഹൈദരാബാദിനായി അഞ്ചാം കിക്കെടുത്ത റീഗന്‍ സിങ് ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 3-3 ആയി. എന്നാല്‍ മോഹന്‍ ബഗാന് വേണ്ടി അവസാന കിക്കെടുത്ത നായകന്‍ പ്രീതം കോട്ടാല്‍ അനായാസം ലക്ഷ്യം കണ്ടതോടെ മോഹന്‍ ബഗാന്‍ ഫൈനലിലെത്തി. 4-3 എന്ന സ്‌കോറിനാണ് മോഹന്‍ ബഗാന്റെ വിജയം. മാര്‍ച്ച് 18 ന് നടക്കുന്ന ഫൈനലില്‍ മോഹന്‍ ബഗാന്‍ ബെംഗളൂരു എഫ്.സിയെ നേരിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.