ലഹോര്‍: ജാമ്യമില്ലാ വാറന്റ് നിലനില്‍ക്കുന്ന പാക്ക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സേനയെ നോക്കുകുത്തിയാക്കി ഇമാന്റെ ജനകീയ മാര്‍ച്ച്. സ്ത്രീകള്‍ അടക്കം ആയിരക്കണക്കിന് പേര്‍ അണിനിരന്ന വന്‍ ജനാവലിക്ക് മുന്നില്‍ ഏറെ നേരം നിസഹായരായി നിന്ന ശേഷം പോലീസ് സംഘം മടങ്ങി. ഇത് രണ്ടാം തവണയാണ് അറസ്റ്റിനെത്തിയ പോലീസ് സേനയെ നിഷ്‌ക്രിയമാക്കി ഇമ്രാന്‍ ജനകീയ പ്രതിരോധമതില്‍ തീര്‍ക്കുന്നത്.
പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പിടിഐ) അധ്യക്ഷനായ ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക ഹെലിക്കോപ്റ്ററിലാണ് ഇസ്ലാമാബാദ് പൊലീസ് സംഘം ലഹോറില്‍ എത്തിയത്. അവര്‍ ലഹോറില്‍ ഇറങ്ങിയതിനു പിന്നാലെ ഖാന്‍ തന്റെ സമാന്‍ പാര്‍ക്കിലെ വസതിയില്‍നിന്ന് വന്‍ ജനസഞ്ചയത്തിന്റെ അകമ്പടിയോടെ ജാഥ ആരംഭിക്കുകയായിരുന്നു.
പൊതുയോഗത്തില്‍വച്ച് വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും തോഷാഖാന കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിലുമാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം ഇമ്രാന്റെ മാര്‍ച്ചിനെ സംബന്ധിച്ച് ലഹോര്‍ ജില്ലാ ഭരണകൂടത്തിന് മുന്‍കൂട്ടി അറിയിപ്പുണ്ടായിരുന്നു.
വൈകുന്നേരം 5.30ന് ഡേറ്റ ദര്‍ബാറില്‍ മാര്‍ച്ച് അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ രാത്രി 7.45 ആയിട്ടും സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. ബുള്ളറ്റ് പ്രൂഫ് കാറിലിരുന്ന് ഇമ്രാന്‍ തന്നെയാണ് മാര്‍ച്ച് നയിച്ചത്. റാലിയെ തടഞ്ഞാല്‍ ജനരോഷം നേരിടേണ്ടിവരുമെന്ന് പിടിഐ മുതിര്‍ന്ന നേതാവ് ഫവാദ് ചൗധരി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.