യാങ്കൂണ്‍: മ്യാന്‍മറില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആശ്രമത്തില്‍ താമസിച്ചിരുന്ന ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടു. ചൈനയുമായും തായ്‌ലാന്‍ഡുമായും അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ഷാന്‍ സംസ്ഥാനത്താണ് സൈന്യത്തിന്റെ ക്രൂരമായ ആക്രമണമുണ്ടായത്. സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കരേന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്സിനെ (കെഎന്‍ഡിഎഫ്) ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് മ്യാന്‍മറില്‍ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തശേഷം സൈനികരും സായുധ പ്രതിരോധ ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രാദേശിക സമയം നാലു മണിയോടെയാണ് ഷെല്ലാക്രമണമുണ്ടായത്. തുടര്‍ന്ന് സൈന്യത്തിന്റെ പീരങ്കികള്‍ ഗ്രാമത്തില്‍ പ്രവേശിച്ചു. ആശ്രമത്തില്‍ കഴിഞ്ഞിരുന്ന മൂന്ന് സന്യാസിമാരെയും അവിടെ അഭയം തേടിയ ഗ്രാമീണരെയുമാണ് വധിച്ചത്.
കെഎന്‍ഡിഎഫ് പങ്കുവച്ച വീഡിയോയില്‍ ബുദ്ധ സന്യാസിമാര്‍ ധരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞ മൂന്ന് പേരടക്കം 21 ഗ്രാമീണരുടെ മൃതദേഹങ്ങള്‍ ആശ്രമത്തിനു മുന്നില്‍ കൂട്ടിയിട്ടിരിക്കുന്നതായി കാണാം. മറ്റ് ഏഴ് മൃതദേഹങ്ങള്‍ സമീപത്തുള്ള ചെറിയ ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
മൃതദേഹങ്ങളില്‍ ഒന്നിലധികം വെടിയേറ്റ മുറിവുകള്‍ ഉണ്ടായിരുന്നു. ആശ്രമത്തിന്റെ ചുവരുകളും വെടിയുണ്ടകളാല്‍ നിറഞ്ഞത് വീഡിയോയില്‍ കാണാം. സൈനിക ആക്രമണത്തില്‍ ഗ്രാമത്തിലെ ചില കെട്ടിടങ്ങളും വീടുകളും കത്തിനശിച്ചിട്ടുണ്ട്.
പ്രദേശത്തെ ഏറ്റവും ആദരണീയരായ സന്യാസിമാരുടെ അടുത്ത് അഭയം തേടുന്നത് സുരക്ഷ ഉറപ്പാക്കുമെന്ന് കരുതിയാണ് കുറേ ഗ്രാമവാസികള്‍ അവിടേക്കു പോയത്. പട്ടാളക്കാര്‍ എത്തുന്നതിന് മുമ്പ് ഗ്രാമത്തിലെ മറ്റുള്ളവര്‍ ഒഴിഞ്ഞുപോയിരുന്നു.
നിരായുധരായ സിവിലിയന്മാര്‍ക്കെതിരേയുള്ള മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ പതിവു സംഭവമാണ്. പട്ടാള അട്ടിമറിക്ക് ശേഷം സൈനിക ഭരണകൂടത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണു നടക്കുന്നത്.
2021 ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മറിലെ ജനാധിപത്യത്തിന് പൂട്ടുവീണത്. 2020 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് ലീഗാണ് വിജയിച്ചിരുന്നു. തുടര്‍ന്നാണ് സൈന്യം സര്‍ക്കാരിനെ അട്ടിമറിച്ച് സൂചിയെയും മറ്റ് മുതിന്ന രാഷ്ട്രീയ നേതാക്കളെയും തടവിലാക്കുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തര യുദ്ധം രൂക്ഷമായി. ഒന്നര ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. 40,000 വീടുകള്‍ നശിപ്പിക്കപ്പെട്ടു. എട്ട് ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. 15 ദശലക്ഷത്തോളം ഭക്ഷണ ദൗര്‍ലഭ്യത്താല്‍ ദുരിതമനുഭവിക്കുകയാണെന്ന് യു.എന്‍ വിലയിരുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.