സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ നഴ്സസ് യൂണിയന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍. ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമം നികത്താന്‍ നടപടി സ്വീകരിക്കാത്തതിനെതിരേയാണ് എന്‍.എസ്.ഡബ്‌ള്യൂ നഴ്സസ് യൂണിയന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ജീവനക്കാരുടെ ക്ഷാമം മൂലം രോഗികള്‍ക്ക് സുപ്രധാന പരിചരണം നഷ്ടപ്പെടുകയാണെന്ന് നഴ്സുമാര്‍ ആരോപിക്കുന്നു. കോണ്‍കോര്‍ഡ്, റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ്, വെസ്റ്റ്മീഡ്, ലിവര്‍പൂള്‍, നേപ്പിയന്‍, വോളോങ്കോങ്, ഗോസ്‌ഫോര്‍ഡ് എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള പ്രധാന ആശുപത്രികളില്‍ രോഗി-നഴ്‌സ് അനുപാതം കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേസ് മെയ് മാസത്തില്‍ പരിഗണിക്കും.
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മീഷനില്‍ ഒന്നിലധികം പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും അവസാന ആശ്രയമെന്ന നിലയിലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും യൂണിയന്‍ പറയുന്നു.
ജീവനക്കാരുടെ കുറവുകാരണം നിരവധി പ്രധാന ആശുപത്രികളിലെ രോഗികള്‍ക്ക് അടുത്തിടെ 120,000 മണിക്കൂര്‍ നഴ്‌സിംഗ് പരിചരണം നഷ്ടമായതായി യൂണിയന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഒമ്പത് മെട്രോപൊളിറ്റന്‍, റീജിയണല്‍ ആശുപത്രികളില്‍ 700-ലധികം സാഹചര്യങ്ങളില്‍ മതിയായ ജീവനക്കാരില്ലാത്തത് രോഗികള്‍ക്ക് ഗുണനിലവാരമില്ലാത്ത പരിചരണം ലഭിക്കാന്‍ കാരണമായതായി യൂണിയന്‍ പറയുന്നു.
ജീവനക്കാരുടെ ക്ഷാമം മൂലം നഴ്സുമാര്‍ അധിക ജോലി ചെയ്തിട്ടും രോഗികള്‍ക്ക് ഏറ്റവും അടിയന്തര സാഹചര്യങ്ങളില്‍ പരിചരണം ലഭിക്കുന്നില്ല. ഉടനെ നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി നഴ്സ്-രോഗി അനുപാതം മെച്ചപ്പെടുത്താനാണ് യൂണിയന്‍ ശ്രമിക്കുന്നത്.
ജീവനക്കാരുടെ നിയമപരമായ അനുപാതം പാലിക്കുന്നതില്‍ ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി, ക്യൂന്‍സ്ലാന്‍ഡ്, വിക്ടോറിയ എന്നിവിടങ്ങളേക്കാള്‍ പിന്നിലാണ് ന്യൂ സൗത്ത് വെയില്‍സെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.