ബഫര്‍ സോണ്‍: കേരളത്തിന്റെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും; പ്രതീക്ഷയോടെ സംസ്ഥാനം

ബഫര്‍ സോണ്‍: കേരളത്തിന്റെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും; പ്രതീക്ഷയോടെ സംസ്ഥാനം

ന്യൂഡൽഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ ഇളവ് തേടി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹർജിയിൽ കേരളത്തിന്റെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ്‌ ബഫർ സോണാക്കണമെന്ന വിധിയിൽ കേരളത്തിന്‌ അനുകൂലമായ മാറ്റങ്ങൾ വരുത്തുമെന്ന സൂചനയാണുള്ളത്. 

വിഷയത്തിൽ സമ്പൂർണ്ണ വിലക്ക് പ്രായോഗികമല്ലെന്ന ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നീരീക്ഷണം കേരളത്തിന്‌ പ്രതീക്ഷ നൽകുന്നുണ്ട്. 

ഇന്നലെ അമിക്കസ് ക്യൂറിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം സുപ്രീം കോടതി കേട്ടിരുന്നു. നിരോധിക്കേണ്ടത് നിരോധിക്കണമെന്നും നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്നും അമിക്കസ്‌ ക്യൂറി വ്യക്തമാക്കി.

സമ്പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്നും അമിക്കസ് ക്യൂറി അറിയിച്ചു. ഇതിനൊപ്പം അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലയെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. 

സാധാരണ ജനങ്ങളുടെ ജീവനോപാധികളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന നിലപാട് കോടതി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു.

സുൽത്താൻ ബത്തേരി നഗരസഭയിൽ വിധി അനുസരിച്ച് ഒരു വികസന പ്രവർത്തനം പോലും നടത്താനാകില്ലെന്ന് അഭിഭാഷകൻ ദീപക് പ്രകാശ് കോടതിയെ അറിയിച്ചു. കേരളത്തിന്റെ ആശങ്കങ്ങളെ സുപ്രീം കോടതിയിൽ കേന്ദ്രവും പിന്തുണച്ചതോടെയാണ് ഇതിന് പരിഹാരമുണ്ടാകുമെന്ന് വാക്കാൽ കോടതി നീരീക്ഷിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.