ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പീസ് (ഐ.ഇ.പി) തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ)യെ ഒഴിവാക്കി. സിപിഐയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. 
സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് പഠന റിപ്പോര്‍ട്ടില്‍ എഴുതിയതാണ് പ്രശ്‌നമായത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022 ലെ ആഗോള ഭീകരപ്പട്ടിക പുറത്തു വിട്ടത്. 
അതില്‍ പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരുന്നു. അല്‍ ഖ്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയുമെല്ലാം സിപിഐയ്ക്ക് താഴെയായാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യം നല്‍കിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സിപിഐയുടെ രാഷ്ട്രീയ എതിരാളികള്‍ ഈ റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഐ.ഇ.പിയ്ക്ക് സിപിഐ നേതാക്കള്‍ പരാതി അയച്ചത്. തെറ്റായ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായി നേരിടും എന്ന് നേതാക്കള്‍ വ്യക്തമാക്കി. 
പറ്റിയ തെറ്റ് അധികം വൈകാതെ തന്നെ ഐ.ഇ.പി തിരുത്തി.  കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നതിന് പകരം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന് മാറ്റി എഴുതി. 2022 ല്‍ 61 ആക്രമണങ്ങളിലൂടെ 39 പേരെ മാവോയിസ്റ്റുകള്‍ കൊല ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 30 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട്.
 ഇക്കാലയളവില്‍ ലോകത്ത് ഏറ്റവും നാശം വിതച്ച ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റാണ്. 410 ആക്രമണങ്ങളിലൂടെ 1045 കൊലപാതകങ്ങള്‍ ഐ.എസ് നടത്തി. ഭീകരവാദത്തിന്റെ സ്വാധീനം ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിമൂന്നാമതും പാക്കിസ്ഥാന്‍ ആറാമതും അഫ്ഗാനിസ്ഥാന്‍ ഒന്നാമതുമാണ്. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.