വർഗീയ  സംഘടനകളുമായി സംബന്ധം: നേതാക്കള്‍ കോണ്‍ഗ്രസിന്റെ മതേതര മുഖം വികൃതമാക്കി

വർഗീയ  സംഘടനകളുമായി സംബന്ധം: നേതാക്കള്‍ കോണ്‍ഗ്രസിന്റെ മതേതര മുഖം വികൃതമാക്കി

ഗ്രൂപ്പിസവും തമ്മിലടിയും കോണ്‍ഗ്രസില്‍ പുത്തരിയല്ല. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തും വരെ പരസ്പരം പോരടിക്കുക... അവസാന നിമിഷം ഒന്നിക്കുക! കാലങ്ങളായി ഇതാണ് കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തന രീതി. എന്നാല്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പാര്‍ട്ടി വിട്ട് യുഡിഎഫിലും അതിന് പുറത്തും എത്തിയിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയാണ് പല സ്ഥലങ്ങളിലും മത്സരിക്കുന്നത്. ചില സ്ഥലങ്ങളില്‍ അതിനെ ധാരണ എന്നോ, സൗഹൃദ മത്സരങ്ങള്‍ എന്നോ വിളിക്കാമെങ്കിലും പൊതുവെ ഒരു അന്തര്‍ധാര എല്ലാ മുസ്ലിം പാര്‍ട്ടികളും മുസ്ലിം ലീഗുമായി ഉണ്ടെന്നുള്ളത് അരമന രഹസ്യം പോലെ അങ്ങാടി പാട്ടാണ്.

എംഎം ഹസന്‍ യുഡിഎഫ് ചെയര്‍മാന്‍ ആയതിന് പിറകെ ആയിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച. അതിങ്ങനെ ഒരു ധാരണയൊക്കെ ആയി വന്നപ്പോഴേക്കും ഉടക്കുമായി മുല്ലപ്പള്ളി എത്തി. ഉടന്‍ തന്നെ കെ മുരളീധരനെപ്പോലുള്ളവര്‍ കക്ഷിചേര്‍ന്ന് അഭിപ്രായം പറഞ്ഞു. എ ഗ്രൂപ്പിലെ ശുദ്ധികലശത്തോടെ ആയിരുന്നു എംഎം ഹസസന്റെ വരവ്. ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെ ഹസന്‍ ആ പദവിയില്‍ അവരോധിതനായി.

യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ ഉടന്‍ മലപ്പുറത്ത് എത്തിയ ഹസന്‍ ലീഗ് നേതാക്കളെ കണ്ടു. അതിന്റെ കൂടാതെ ജമാഅത്തെ ഇസ്ലാമി നേതാക്കളേയും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളേയും കൂടി കണ്ടതോടെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നീക്കുപോക്ക് എങ്ങനെയാണെന്ന് ഏകദേശ ധാരണയായിക്കഴിഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുകയോ അവരുമായി സഖ്യത്തിലേര്‍പ്പെടുകയോ ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ നീക്കുപോക്കും സഹകരണവും ഒക്കെയുണ്ട്. ഇക്കാര്യം മറ്റാര് നിഷേധിച്ചാലും എംഎം ഹസന്‍ നിഷേധിക്കില്ല. അദ്ദേഹം ഇപ്പോഴും അതില്‍ ഉറച്ച് നില്‍ക്കുന്നു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം അശേഷം പിടിച്ചിട്ടില്ല. അത് പലതവണ അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ തുടക്കം മുതല്‍ നിഷേധിക്കുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടി ഉണ്ടാകും എന്ന് വരെ പ്രഖ്യാപിച്ചു മുല്ലപ്പള്ളി. പക്ഷേ, അതിനിടയ്ക്ക് ഒരു സെല്‍ഫ് ഗോളും അടിച്ചു. മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സംഗമത്തില്‍ മുല്ലപ്പള്ളിയ്ക്കൊപ്പം ഫോട്ടോയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ഇടം പിടിച്ചു.

ഇതിനിടെ ഹസന്‍ മുല്ലപ്പള്ളിയ്ക്കെതിരെ ആഞ്ഞടിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിന്റെ കാര്യം കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രനും അറിയാവുന്ന കാര്യമാണെന്നായിരുന്നു പ്രതികരണം. ഇതോടെ മുല്ലപ്പള്ളിയും പ്രതിരോധത്തിലായി. ഈ വിഷയത്തില്‍ ഏറ്റവും തന്ത്രപരമായ 'ഡിപ്ലോമസി' പ്രകടിപ്പിച്ചത് പതിവ് പോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ല. എന്നാല്‍ മുന്നണിയിലെ ചില കക്ഷികളുമായി മാത്രമാണ് ധാരണ. അതുകൊണ്ട് തന്നെ യുഡിഎഫുമായി ബന്ധമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയുമായി കോണ്‍ഗ്രസിനും ബന്ധമില്ലെന്ന് ഉമ്മന്‍ ചാണ്ടി സമര്‍ത്ഥിക്കുന്നു. കേള്‍ക്കുന്നവര്‍ക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നല്ലാതെ മറ്റൊന്നുമില്ല ഇതില്‍ എന്നത് വേറെ കാര്യം.

എ ഗ്രൂപ്പിലെ ഇപ്പോഴത്തെ ശക്തനാണ് എംഎം ഹസന്‍. അതുകൊണ്ടാണ് ബെന്നിയെ ബഹനാനെ താഴെയിറക്കി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് എത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനപ്പുറത്തേക്ക് എംഎം ഹസന്‍ ഒരു നിലപാട് എടുക്കില്ല എന്നതും ഉറപ്പാണ്. ചുരുക്കിപ്പറഞ്ഞാല്‍, മുല്ലപ്പള്ളി രാമചന്ദ്രന് ഉമ്മന്‍ ചാണ്ടി വക കൊടുക്കുന്ന പ്രഹരങ്ങളാണ് ഹസനിലൂടെ പുറത്ത് വരുന്നത്.

എന്നാല്‍ കേരളത്തിലെ കാര്യങ്ങള്‍ അങ്ങനെ പെട്ടെന്ന് തീരുമാനമാക്കേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്നതാണ് പാര്‍ട്ടി നയമെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. കേരളത്തില്‍ മറിച്ചൊരു നീക്കമുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും കെ.സി വ്യക്തമാക്കിയിട്ടുണ്ട്. എംഎം ഹസന്‍ വഴി ഉമ്മന്‍ ചാണ്ടി നടത്തുന്ന കരു നീക്കങ്ങള്‍ക്കുള്ള മറുപടിയാണ് കെസി വേണുഗപാല്‍ നല്‍കിയത്. എംഎം ഹസന്‍ ഉമ്മന്‍ ചാണ്ടിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നിടത്തോളം കെസി വേണുഗോപാല്‍ നല്‍കിയ അടി എത്തുക ഉമ്മന്‍ ചാണ്ടിയിലേക്ക് തന്നെ ആയിരിക്കും.

ഏതായാലും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന കേരളത്തിന്റെ മതേതര മനസ് ഇന്ന് അസ്വസ്ഥതയിലാണ്. ഭൂരിപക്ഷ - ന്യുനപക്ഷ വര്‍ഗീയ പ്രീണനങ്ങള്‍ക്കിടയില്‍ ഗാന്ധിജി വിഭാവനം ചെയ്ത മതേതരത്വത്തിന്റെ മൂവര്‍ണ്ണ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിവേരിന് തന്നെ കോടാലി വയ്ക്കുന്നതിന് തുല്യമായിരിക്കും അതെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

(ജെ കെ )




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.