നാളെ താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഡൊണാള്‍ഡ് ട്രംപ്; അനുയായികളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം

നാളെ താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഡൊണാള്‍ഡ് ട്രംപ്;  അനുയായികളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം

വാഷിങ്ടണ്‍: പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ നാളെ താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് അനുയായികളോട് ട്രംപ് ആഹ്വാനവും നടത്തി.

താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ സ്റ്റോമി ഡാനിയല്‍സ് എന്നറിയപ്പെടുന്ന പോണ്‍ താരം സ്റ്റെഫാനി ക്ലിഫോര്‍ഡിന് ഒരു ലക്ഷത്തി മുപ്പതിനായിരം ഡോളര്‍ നല്‍കിയ കേസിലാണ് ട്രംപിന്റെ അറസ്റ്റ്. 2016 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു സംഭവം. എന്നാല്‍ ഡാനിയല്‍സുമായി ബന്ധമില്ലെന്നാണ് ട്രംപിന്റെ വാദം.

ട്രംപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ തിരക്കിട്ട ചര്‍ച്ചകളിലും കൂടിയാലോചനകളിലുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് ഈ അവകാശവാദമെന്ന് ട്രംപിന്റെ അഭിഭാഷകന്‍ പറഞ്ഞു. തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അറസ്റ്റിലാകുമെന്ന കാര്യം ട്രംപ് അറിയിച്ചത്. ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ആദ്യ ക്രിമിനല്‍ കേസ് കൂടിയാകുമിത്.

2016ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുന്‍ പോണ്‍ താരത്തിന് ട്രംപിന്റെ വക പണം നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ ഈ ആരോപണങ്ങള്‍ അന്വേഷിക്കുകയായിരുന്നു.

ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് പണം കൈമാറിയതെന്നാണ് ആരോപണം. അതേസമയം സ്റ്റോമി ഡാനിയല്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.