ന്യൂഡല്‍ഹി: ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളികളുമായി ഭരണ പക്ഷവും അദാനി വിഷയത്തില്‍ പ്രതിപക്ഷവും രംഗത്തെത്തുകയായിരുന്നു.
പ്രധാനമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചെങ്കിലും ചര്‍ച്ച അനുവദിച്ചില്ല.
ഷെയിം ഷെയിം രാഹുല്‍ ഗാന്ധി വിളികളുമായി ഭരണ പക്ഷമാണ് ബഹളത്തിന് തുടക്കമിട്ടത്. രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്നും നടപടി വേണമെന്നും സഭ ചേരുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ആവശ്യപ്പെട്ടു.
വിദേശത്ത് നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി വേണമെന്നാണ് ഭരണപക്ഷത്തിന്റെ പുതിയ ആവശ്യം. നിലവില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ അവകാശ സമിതിയുടെ നടപടികള്‍ പുരോഗമിക്കുകയുമാണ്.
പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം ജെപിസി അന്വേഷണം വേണമെന്ന അടിയന്ത പ്രമേയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടു. ബഹളം കനത്തതോടെ ക്രുദ്ധനായ സ്പീക്കര്‍ അംഗങ്ങളെ ശാസിച്ചെങ്കിലും നടപടികള്‍ മുന്‍പോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
പ്രതിപക്ഷത്ത് നിന്ന് പതിനാല് എംപിമാരാണ് അദാനി വിഷയത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. നോട്ടീസുകളുടെ ഉള്ളടക്കം രാജ്യസഭാധ്യക്ഷന്‍ വായിച്ചെങ്കിലും ചര്‍ച്ചക്ക് അനുമതി നല്‍കിയില്ല. നടപടിയെ പ്രതിപക്ഷ നേതാക്കള്‍ പരിഹസിച്ചു. ബഹളം കനത്തതോടെ രാജ്യസഭയും പിരിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.