അബുദാബി:സമൂഹ മാധ്യമത്തിൽ തൊഴിലവസരങ്ങൾ പരസ്യം ചെയ്ത് തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും അല്ലാത്തതുമായ കമ്പനികളിൽ തൊഴിലാളികളെ വേണമെന്ന് കാണിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ പരസ്യം നൽകുന്നത്. കമ്പനികൾ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും നൽകുന്ന തൊഴിൽ ഒഴിവുകൾ അതുപോലെ പകർത്തി തൊഴിലിന് അപേക്ഷ സമർപ്പിക്കേണ്ട ഇ-മെയിലും ലിങ്കുകളും വ്യാജമായി നൽകിയാണ് തൊഴിലന്വേഷകരുടെ വിവരങ്ങൾ കൈവശമാക്കുന്നത്.
പിന്നീട് ഇത്തരം തട്ടിപ്പുകാർ അപേക്ഷിച്ചവർക്ക് മുഴുവൻ ഓഫർ ലെറ്റർ അയക്കുകയാണ് ചെയ്യുക. കമ്പനികളുടെ ലോഗോയും ലെറ്റർ ഹെഡുകളും അതത് കമ്പനികളുടെ വെബ്സൈറ്റുകളിൽനിന്ന് എടുത്താണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. രജിസ്ട്രേഷനും തൊഴിൽ നിയമനത്തിനും പണം ആവശ്യപ്പെടുന്നതാണ് അടുത്ത പടി. തട്ടിപ്പ് മനസ്സിലാക്കി പണം തൊഴിലന്വേഷകർ നൽകിയില്ലെങ്കിലും വിവരങ്ങൾ ഉപയോഗിച്ച് പണം ഉണ്ടാക്കാൻ ഇത്തരക്കാർക്ക് കഴിയും. തട്ടിപ്പുകാർ വിവിധ കമ്പനികളുടെ പേരും ലോഗോയും ഉപയോഗിക്കുന്നത് അതത് കമ്പനികളുടെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്.
ടെലിഗ്രാം, വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമത്തിലൂടെയാണ് ഇത്തരം തട്ടിപ്പുകാർ തൊഴിൽ പരസ്യം നൽകുന്നത്. നാട്ടിലുള്ള തൊഴിൽ അന്വേഷകർക്ക് വ്യാജ വിസകൾ നിർമിച്ച്, അയച്ചുകൊടുത്ത അനുഭവങ്ങൾ ചില കമ്പനികൾക്ക് പറയാനുണ്ട്. വ്യാജ നിയമന ഉത്തരവ് ലഭിച്ച പലരും കമ്പനികളെ നേരിട്ട് ബന്ധപ്പെടുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലാക്കുന്നത്. അബൂദബി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫെഡറൽ എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിന്റെ പേരിലും തൊഴിലവസരങ്ങളുണ്ടെന്ന് കാണിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജ പരസ്യം പ്രചരിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.