ന്യൂഡല്‍ഹി: പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ജില്ലാ തലങ്ങളില്‍ റാലികള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജീവനക്കാരെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ ഡിപ്പാര്‍ട്മെന്റ് എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കത്ത് നല്‍കി. കാഷ്വല്‍ ലീവ്, ധര്‍ണ്ണ, മെല്ലെപ്പോക്ക് തുടങ്ങിയ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പെരുമാറ്റ ചട്ടങ്ങളുടെ ഏഴാം വകുപ്പ് പ്രകാരം ഉള്ള നടപടി സ്വീകരിക്കാന്‍ പേഴ്സണല്‍ വകുപ്പ് നിര്‍ദേശം നല്‍കി. ഇതിന് പുറമെ അനുമതിയില്ലാതെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കരുതെന്നും പേഴ്സണല്‍ മന്ത്രാലയം നിര്‍ദേശിച്ചു.
ഇക്കാര്യങ്ങള്‍ ജീവനക്കാരെ അറിയിക്കാനും സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനും മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും മേധാവികളോട് നിര്‍ദേശിച്ചു. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് എല്ലാ ക്രമീകരണം ഒരുക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എത്ര ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു എന്നതിന്റെ കണക്ക് ഇന്ന് വൈകിട്ട് തന്നെ പേഴ്സണല്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കല്‍ വിഷയം സജീവമായി ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.