ട്രംപ് അറസ്റ്റിലാകുമോ? ഉറ്റുനോക്കി അമേരിക്ക; രാജ്യത്ത് സുരക്ഷ ശക്തമാക്കി

ട്രംപ് അറസ്റ്റിലാകുമോ? ഉറ്റുനോക്കി അമേരിക്ക; രാജ്യത്ത് സുരക്ഷ ശക്തമാക്കി

വാഷിങ്ടണ്‍ ഡി.സി: തന്നെ അറസ്റ്റ് ചെയ്താല്‍ പ്രതിഷേധിക്കണമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി പൊലീസ്. കുറ്റം ചുമത്തുകയാണെങ്കില്‍ ക്രിമിനല്‍ നടപടി നേരിടുന്ന ആദ്യ മുന്‍ പ്രസിഡന്റാകും ഡോണള്‍ഡ് ട്രംപ്. നേരത്തെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ട്രംപിന്റെ ആഹ്വാനപ്രകാരം അണികള്‍ തെരുവിലിറങ്ങിയതോടെ വലിയ തോതിലുള്ള അക്രമമമാണ് യു.എസില്‍ നടന്നത്. പാര്‍ലമെന്റ് കെട്ടിടം വരെ അക്രമികള്‍ കൈയേറിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കാപിറ്റോള്‍ പൊലീസ് ഉള്‍പ്പെടെ ജാഗ്രതയിലാണ്.

മാര്‍ച്ച് 21ന് തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ശനിയാഴ്ച ഡോണാള്‍ഡ് ട്രംപ് സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞത്. രാജ്യത്തെ തിരിച്ചുപിടിക്കാന്‍ പ്രതിഷേധിക്കൂ എന്ന് അണികളോട് ആഹ്വാനവും ചെയ്തു. മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതെന്ന് ട്രംപ് പറയുന്നു. തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

നീലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സിന് 1,30,000 ഡോളര്‍ (ഏകദേശം 1.07 കോടി രൂപ) നല്‍കിയ സംഭവത്തില്‍ ട്രംപിനെതിരെ മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി അന്വേഷണം നടക്കുന്നുണ്ട്. ട്രംപ് സ്റ്റോമി ഡാനിയലുമായി ബന്ധം പുലര്‍ത്തിയിരുന്നതായും 2016 ലെ തെരഞ്ഞെടുപ്പു സമയത്ത് ഇവര്‍ ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ പ്രചാരണ ഫണ്ടില്‍ നിന്ന് പണം നല്‍കി വായടപ്പിച്ചെന്നുമാണ് ആരോപണം. ഇതിലാണ് അന്വേഷണം നടക്കുന്നത്. ഇക്കാര്യത്തില്‍, പണം നല്‍കിയിരുന്നുവെന്ന് പിന്നീട് സമ്മതിച്ച ട്രംപ് അത് പ്രചാരണ ഫണ്ടില്‍ നിന്നല്ലാണ് അവകാശപ്പെട്ടത്.

മെലാനിയയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് ട്രംപ് 27 വയസുകാരിയായ സ്റ്റോമി ഡാനിയല്‍സിനെ കാണുന്നത്. 2006ല്‍ ഒരു ഗോള്‍ഫ് മല്‍സരത്തിനിടെയായിരുന്നു ഇത്. തുടര്‍ന്ന് 2016-ല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് 'എ.ബി.സി ന്യൂസി'നോടു സംസാരിക്കാന്‍ സ്റ്റോമി ഡാനിയേല്‍ തയാറായി. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കിയത്. ട്രംപിന്റെ അഭിഭാഷകന്‍ സ്റ്റെഫാനിയുടെ അഭിഭാഷകന്‍ വഴി പണം കൈമാറുകയായിരുന്നു.

അറസ്റ്റ് നീക്കം ഉറപ്പിക്കുന്ന വിധത്തില്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്തുനിന്നും പ്രതികരണങ്ങളും ഇടപെടലുകളും ഉണ്ടാകുന്നുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റായിരിക്കെ സര്‍ക്കാരിന്റെ സുപ്രധാന രേഖകള്‍ കടത്തിക്കൊണ്ടുപോയി സ്വന്തം വസതിയില്‍ ഒളിപ്പിച്ചുവെന്നും ട്രംപിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

ഇപ്പോഴും തനിക്കെതിരായ ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിക്കുകയാണെങ്കിലും തെളിവുകളെല്ലാം മുന്‍ പ്രസിഡന്റിന് എതിരാണെന്നതാണ് യാഥാര്‍ത്ഥ്യം. ട്രംപിന്റെ അറസ്റ്റ് എപ്പോള്‍ ഉണ്ടാകുമെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.