ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഭൂചലനത്തില്‍ മരണം ഒമ്പതായി: മുന്നൂറിലേറെ പേര്‍ക്ക് പരിക്ക്; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഭൂചലനത്തില്‍ മരണം ഒമ്പതായി: മുന്നൂറിലേറെ പേര്‍ക്ക് പരിക്ക്; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡല്‍ഹിയിലും അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം ഒമ്പതായി. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച്ച രാത്രി 10.17നാണ് അനുഭവപ്പെട്ടത്. അഫിഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഇന്ത്യയില്‍ ഡല്‍ഹിക്ക് പുറമേ ജമ്മു കാശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി ഓടി ഒഴിഞ്ഞ സ്ഥലങ്ങളില്‍ അഭയം നേടി.

തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന തെരച്ചില്‍ തുടരുകയാണ്. തുടര്‍ ചലനങ്ങള്‍ക്ക് ഇപ്പോള്‍ സാധ്യതയുണ്ടെങ്കിലും പ്രവചിക്കാന്‍ കഴിയില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയിലെ ശാസ്ത്രജ്ഞന്‍ ജെ എല്‍ ഗൗതം പറഞ്ഞു.

ദുരന്ത നിവാരണ സേനയോട് തയ്യാറായി ഇരിക്കാന്‍ പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അഫ്ഗാനിലെ ലെഖ്മാന്‍ മേഖലയിലാണ് കൂടുതലും ആഘാതം ഉണ്ടായത്. പലയിടങ്ങളും ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ അപകടം റിപ്പോര്‍ട്ട് ചെയ്ത എല്ലാ സ്ഥലങ്ങളിലും എത്താന്‍ ശ്രമിക്കുന്നു. കഴിഞ്ഞ വര്‍ഷം കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.