സിഡ്നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ ശനിയാഴ്ച്ച നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പ്രചാരണ പരിപാടിക്കിടെ പ്രതിഷേധവുമായി എല്‍ജിബിടിഐ സംഘടന. ബെല്‍ഫീല്‍ഡ് സെന്റ് മൈക്കിള്‍സ് കത്തോലിക്ക പള്ളി പരിസരത്ത് നടന്ന പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. 
ന്യൂ സൗത്ത് വെയില്‍സ് വണ്‍ നേഷന്‍ നേതാവും എം.പിയുമായ മാര്‍ക്ക് ലാഥമിന്റെ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പരിപാടി കാണാനായി 500-ലധികം വരുന്ന ജനക്കൂട്ടമാണ് എത്തിയത്. മതസ്വാതന്ത്ര്യം, രക്ഷാകര്‍ത്താക്കളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച വിഷയങ്ങളിലാണ് മാര്‍ക്ക് ലാഥം പ്രസംഗിച്ചത്. എല്‍ജിബിടിഐ ആശയങ്ങള്‍ സ്‌കൂളുകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തിട്ടുണ്ട്. അതാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ പ്രകോപിപ്പിച്ചത്. 
മാര്‍ക്ക് ലാഥമിന്റെ പ്രസംഗം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് എതിരാണെന്ന് ആരോപിച്ചാണ് എല്‍ജിബിടിഐ സംഘടനയായ കമ്മ്യൂണിറ്റി ആക്ഷന്‍ ഫോര്‍ റെയിന്‍ബോ റൈറ്റ്‌സിലെ 15 അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ക്രൈസ്തവ വിശ്വാസികളായ അനേകം പേര്‍ ആ സമയത്ത് പള്ളിയിലുണ്ടായിരുന്നു. ഇവര്‍ പ്രതിഷേധം തടയാന്‍ ശ്രമിച്ചു. ഒടുവില്‍ പോലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. അക്രമണത്തെ മാര്‍ക്ക് ലാഥം അപലപിച്ചു.  
കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 11ന് കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചു.
സംഭവം സംസ്ഥാനത്തിന് അപമാനകരമാണെന്നും ഇവിടെ അക്രമം വച്ചുപൊറുപ്പിക്കില്ലെന്നും പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളോട് ബഹുമാനവും സഹിഷ്ണുതയും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തികഞ്ഞ കത്തോലിക്ക വിശ്വാസിയായ പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ് സ്വവര്‍ഗ വിവാഹം, ദയാവധം, ഭ്രൂണഹത്യ, ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. വലിയ കുടുംബത്തിന്റെ മഹത്വത്തെ എപ്പോഴും ഉയര്‍ത്തിപ്പിടിക്കാറുള്ള പ്രീമിയര്‍ക്ക് ഏഴു മക്കളാണുള്ളത്. ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും അതേസമയം സ്വാതന്ത്ര്യത്തെക്കുറിച്ച് കൃത്യമായ നിലപാട് കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഡൊമിനിക് പെറോട്ടേറ്റ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.