ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് ഇതര മൂന്നാം മുന്നണി രൂപീകരണത്തിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായികുമായി കൂടികാഴ്ച നടത്തും. ബുവനേശ്വറിൽ വച്ചാണ് കൂടിക്കാഴ്ച.
ഇന്നലെ വൈകിട്ടാണ് മമതാ ബാനർജി ഒഡിഷയിൽ എത്തിയത്. ഇടത്- കോൺഗ്രസ് പാർട്ടികളുമായി ഒരു സഖ്യവും 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ഉണ്ടാകില്ലെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമാന താത്പര്യമുള്ള രാഷ്ട്രീയ ജനകീയ മുന്നണി തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്.
ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ കോൺഗ്രസ് എങ്ങനെ ബി.ജെ.പിയെ നേരിടുമെന്ന് മമത ചോദിച്ചു. ഇത്തരം ധാരണകളുണ്ടാക്കിയ ഇടതുപാർട്ടികൾക്കും ബി.ജെ.പിയെ പരാജയപ്പെടുത്താനാകുമോ എന്നും മമത ആഞ്ഞടിച്ചു. മൂന്നാം മുന്നണി രൂപീകരണത്തിൽ നവീൻ പട്‌നായികിന്റ തീരുമാനം നിർണായകമാകും.
മൂന്നാം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മമതാ ബാനര്‍ജിയും തമ്മില്‍ വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒഡിഷ മുഖ്യമന്ത്രിയേയും മമത കാണുന്നത്.
അതേപോലെ എൻ.സി.പി നേതാവ് ശരത് പവാർ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. മമതയും നവീൻ പട്‌നായികടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസിനെ ഉൾപ്പെടുത്തിയുള്ള പ്രതിപക്ഷ നിരയാണ് ശരത് പവാർ ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയിൽ ഇന്ന് രാത്രിയാണ് യോഗം.
നിലവില്‍ ബി.ജെ.പി. രാഹുല്‍ഗാന്ധിയെയാണ് പ്രതിപക്ഷ കക്ഷികളുടെ മുഖ്യ നേതാവായി ചിത്രീകരിക്കുന്നത്. ഈ നീക്കത്തെ തടയിടലാണ് മമതയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികളുടെ ശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v