ബീജിങ്: കടുത്ത മത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ചൈനയില്‍ മതവിശ്വാസങ്ങളെ തള്ളിപ്പറയാന്‍ കുട്ടികളെയും മാതാപിതാക്കളെയും നിര്‍ബന്ധിക്കുന്ന പ്രതിജ്ഞയില്‍ ഒപ്പിടാന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദം. കിന്റര്‍ഗാര്‍ട്ടനുകളിലെ കുട്ടികളുടെ മാതാപിതാക്കളോടാണ് പ്രാദേശിക ഭരണകൂടം ഈ ആവശ്യമുന്നയിച്ചത്.
കിഴക്കന്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ വെന്‍ഷൗ നഗരത്തില്‍ ലോങ്വാന്‍ ജില്ലയിലാണു സംഭവം. കിന്റര്‍ഗാര്‍ട്ടനുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോട് 'തങ്ങളുടെ കുടുംബം മതവിശ്വാസം പുലര്‍ത്തില്ലെന്നു' പ്രഖ്യാപിക്കുന്ന പ്രതിജ്ഞാ പത്രത്തില്‍ ഒപ്പിടാനാണു നിര്‍ദ്ദേശം നല്‍കിയതെന്ന് ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയാണ് ചൈന എയ്ഡ് റിപ്പോര്‍ട്ട് ചെയ്തു.
'മുന്‍ കാലങ്ങളില്‍ ഉന്നതതല വിദ്യാഭ്യാസ വകുപ്പ് കിന്റര്‍ഗാര്‍ട്ടനുകള്‍ക്ക് അന്ധവിശ്വാസങ്ങള്‍ പാടില്ലെന്നും ആരാധനാലയങ്ങളിലെ ശുശ്രൂഷകളില്‍ പങ്കെടുക്കരുതെന്നും നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ കുട്ടികളുടെ കുടുംബങ്ങളെ ഒരു മതത്തില്‍ വിശ്വസിക്കുകയോ ഏതെങ്കിലും മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്ന് നിര്‍ബന്ധിച്ചിരുന്നില്ല' - പേരു വെളിപ്പെടുത്താന്‍ ആ്രഗഹിക്കാത്ത ടീച്ചര്‍ ചൈന എയ്ഡിനോടു പറഞ്ഞു.
പ്രതിജ്ഞയിലെ വ്യവസ്ഥകള്‍ അനുസരിച്ച്, മാതാപിതാക്കള്‍ ഒരു മതവിശ്വാസവും പുലര്‍ത്തരുതെന്നും ഏതെങ്കിലും മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നും ഒരു സ്ഥലത്തും മതം പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നാണ് കര്‍ശന നിര്‍ദേശം.
രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാര്‍ട്ടി അച്ചടക്കവും മാതൃകാപരമായി പാലിക്കുന്നതില്‍ തങ്ങള്‍ ഏര്‍പ്പെടുമെന്നും മാതാപിതാക്കള്‍ ഒപ്പിട്ട പ്രതിജ്ഞയില്‍ ഉറപ്പു വരുത്തുന്നു.
മതത്തില്‍ വിശ്വസിക്കില്ലെന്നും മതവിശ്വാസങ്ങള്‍ അവസാനിപ്പിക്കുമെന്നും വ്യക്തമാക്കുന്ന പ്രതിജ്ഞാ ഫോമില്‍ അധ്യാപകരും ഒപ്പിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെന്‍ഷൗവിലെ ജനസംഖ്യയുടെ ഗണ്യമായ വിഭാഗം ക്രിസ്ത്യാനികളാണ്. 2018 ലെ കണക്കനുസരിച്ച്, നഗരത്തില്‍ ഏകദേശം 150,000 കത്തോലിക്കര്‍ താമസിക്കുന്നു. അതേസമയം
സര്‍ക്കാര്‍ ക്രൈസ്തവ സമൂഹത്തിന് നിയന്ത്രണങ്ങളുടെ ഒരു പരമ്പര തന്നെ ഏര്‍പ്പെടുത്തി പീഡിപ്പിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2014-ല്‍, അധികാരികള്‍ കുരിശുകള്‍ തകര്‍ക്കുന്ന ഒരു കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന പദ്ധതിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന വാദമുയര്‍ത്തി 2,000-ലധികം കുരിശുകളാണു പൊളിച്ചുമാറ്റിയത്.
2017-ല്‍, നഗരത്തിലെ സ്‌കൂള്‍ അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ആരാധനയ്ക്കു വേണ്ടി പള്ളികളില്‍ പ്രവേശിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു.
വത്തിക്കാന്‍ അംഗീകൃത വെന്‍ഷൂ രൂപതയിലെ ബിഷപ്പ് പീറ്റര്‍ ഷാവോ ഷുമിനെ ആറു തവണയാണ് തടങ്കലിലാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v