ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതില്‍ കോണ്‍ഗ്രസില്‍ നിന്നും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വ്യാപക പ്രതിഷേധം. സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് രാഹുലിന് വിധിച്ചത്. ശിക്ഷ സ്റ്റേ ചെയ്യപ്പെട്ടില്ലെങ്കില്‍ രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടേക്കും. ഇതുപോലെ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് കോടതി വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
അവരുടെ ദുഷ്പ്രവൃത്തികളെ തുറന്ന് കാട്ടുന്നത് കൊണ്ട് ഭീരുക്കളും ഏകാധിപത്യസ്വഭാവമുളളതുമായ ബിജെപി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയോടും പ്രതിപക്ഷത്തോടും അതൃപ്തരാണ്. തങ്ങള്‍ ജെപിസി ആവശ്യപ്പെടുന്നു. ഇഡിയേയും പൊലീസിനേയും അയക്കുന്നു, രാഷ്ട്രീയ പ്രസംഗങ്ങള്‍ക്ക് മേല്‍ കേസെടുത്തു. തങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.
മോഡി എന്നുളള പേര് പറഞ്ഞാല്‍ പോലും അത് മാനനഷ്ടക്കേസാകുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പ്രതികരിച്ചു. പരിഭ്രാന്തിയിലായ ഭരണകൂടം രാഹുല്‍ ഗാന്ധിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. 'എന്റെ സഹോദരന്‍ ഒരിക്കലും ഭയന്നിട്ടില്ല, ഇനി ഭയക്കുകയുമില്ല. സത്യം പറഞ്ഞുകൊണ്ടാണ് ജീവിച്ചത്, ഇനിയും സത്യം പറഞ്ഞ് കൊണ്ടേയിരിക്കും. ഈ രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കും. രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ സ്നേഹത്തിന്റെയും സത്യത്തിന്റെയും ശക്തി അദ്ദേഹത്തിനൊപ്പമുണ്ട്', പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരായ വിധിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. 'പ്രതിപക്ഷ നേതാക്കളേയും പാര്‍ട്ടികളേയും ഇല്ലാതാക്കാനായുളള ഗൂഢാലോചന നടക്കുന്നുണ്ട്. ബിജെപിയല്ലാത്ത പാര്‍ട്ടികളിലെ നേതാക്കളെ കേസുകളില്‍ അകപ്പെടുത്താനുളള ഗൂഢാലോചനയുണ്ട്. എനിക്ക് രാഹുല്‍ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്, എന്നാല്‍ അദ്ദേഹത്തെ മാനനഷ്ടക്കേസില്‍പ്പെടുത്തുന്നത് ശരിയല്ല. കോടതിയെ ബഹുമാനിക്കുന്നു, എന്നാല്‍ വിധിയോട് യോജിക്കുന്നില്ല' എന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.