ഡോ ജോസ് മാണിപ്പറമ്പിൽ
കോട്ടയം വടവാതൂർ സെമിനാരിയിൽ ഒന്നാംവർഷ തിയോളജി പഠന കാലം തൊട്ട് തുടങ്ങിയതാണ് പൗവ്വത്തിൽ പിതാവുമായുള്ള എൻ്റെ വ്യക്തിപരമായ ബന്ധം. അതിന് ആധാരമായ ഒരു സംഭവമുണ്ട്. അതിരമ്പുഴയിലെ എം സി ബി എസ് ആശ്രമത്തിൽ നിന്നും ഞങ്ങളെ പഠിപ്പിക്കാൻ വന്നിരുന്ന വൈദികനായ അദ്ധ്യാപകൻ എന്നോട് പറഞ്ഞു, ആശ്രമത്തിൽ പുതിയതായി പണികഴിപ്പിക്കുന്ന ചാപ്പലിൻ്റെ മദ്ബഹയും സക്രാരിയും രൂപകൽപ്പന ചെയ്യണമെന്ന്. ആ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുകയും ദൈവകൃപയാൽ ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.
ചാപ്പൽ കൂദാശാകർമ്മം നിർവ്വഹിച്ച പൗവ്വത്തിൽ പിതാവ് മദ്ബഹയുടെയും സക്രാരിയുടെയും നിർമ്മാണം നിർവ്വഹിച്ചത് ആരാണെന്ന് അന്വേഷിച്ചു. വടവാതൂർ സെമിനാരിയിൽ ഒന്നാം വർഷ തിയോളജിക്ക് പഠിക്കുന്ന ഇരിങ്ങാലക്കുട രൂപതാംഗമായ ശെമ്മാച്ചന്നാണെന്ന് എൻ്റെ അദ്ധ്യാപകൻ പറഞ്ഞു. പിന്നീട് കുറച്ച് ദിവസങ്ങൾക്കു ശേഷം എനിക്ക് പൗവ്വത്തിൽ പിതാവിൻ്റെ ഒരു കത്ത് വന്നു. ആശ്രമത്തിലെ മദ്ബഹയും സക്രാരിയും രൂപകൽപ്പന ചെയ്തതിനെക്കുറിച്ചുള്ള അഭിനന്ദന കത്തായിരുന്നു അത്. ഭാരതീയ ദൈവശാസ്ത്രവും സംസ്കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള രൂപകൽപ്പന ഗംഭീരമായിരിക്കുന്നുയെന്ന് പിതാവ് പറഞ്ഞു.
അദ്ദേഹത്തിൻ്റെ രൂപതയിൽ അംഗമല്ലാത്ത ഒരു ഒന്നാം വർഷ തിയോളജി വിദ്യാർത്ഥിയെ അഭിനന്ദിച്ചുകൊണ്ട് പിതാവ് കത്ത് എഴുതുകയെന്നു പറഞ്ഞാൽ, തീർച്ചയായും അത് ഒരു വലിയ കാര്യമായിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായും വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു മഹത്തായ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു പൗവ്വത്തിൽ പിതാവ് എന്നാണ് ഇത് വ്യക്തമാക്കുന്നത്.
അന്നു മുതൽ തുടങ്ങിയതാണ് എൻ്റെ ബന്ധം പിന്നീട് സെമിനാരിയിൽ വരുമ്പോൾ എന്നെ കാണുകയും ചങ്ങനാശേരി അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന എക്സിബിഷനുകളിൽ സ്റ്റാളുകൾ നിർമ്മിക്കുന്ന ജോലി പിതാവ് എന്നെ ഏൽപ്പിച്ചിരുന്നു.കൂടാതെ എൻ്റെ പല പുസ്തകങ്ങൾക്കും അവതാരിക എഴുതിത്തന്നതും പൗവ്വത്തിൽ പിതാവ് ആയിരുന്നു.
ഒരിക്കൽ അദ്ദേഹത്തെ പരിചയപ്പെട്ടു കഴിഞ്ഞാൽ, അദ്ദേഹത്തെ മറക്കാനോ ഇഷ്ടപ്പെടാതിരിക്കുവാനോ കഴിയുമായിരുന്നില്ല.അതുപോലെ തന്നെ ഏതെങ്കിലും വിഷയത്തെക്കുറിച്ച് പിതാവ് അഭിപ്രായം പറയുകയാണെങ്കിൽ വളരെ ആഴത്തിൽ പഠിച്ചതിനു ശേഷമായിരിക്കും അതിനെക്കുറിച്ച് അഭിപ്രായം പറയുക. പിന്നീട് അതിനെക്കുറിച്ച് മാപ്പ് പറയുവാനോ തിരുത്തിപ്പറയുവാനോ അവസരം കൊടുക്കാത്ത അത്രയും ആഴത്തിലും സൂക്ഷ്മ്മമായും വിലയിരുത്തിയതിനു ശേഷമേ പിതാവ് അഭിപ്രായം പറഞ്ഞിരുന്നുള്ളു.
ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.