വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ അമൂല്യ സൃഷ്ടിയായ ജലം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്നും ജലത്തിനു വേണ്ടിയുള്ള യുദ്ധത്തിന് നാം സാഹചര്യമൊരുക്കരുതെന്നും ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ജലം മാനവരാശിയുടെ ഏറ്റവും അടിസ്ഥാന ആവശ്യമാണെന്ന് ഓര്‍മിപ്പിച്ച മാര്‍പ്പാപ്പ അത് പാഴാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഉദ്‌ബോധിപ്പിച്ചു. കഴിഞ്ഞ ദിവസം ആചരിച്ച ലോക ജലദിനത്തിലായിരുന്നു ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മാര്‍പ്പാപ്പ ഉന്നിപ്പറഞ്ഞത്.
എല്ലാ വര്‍ഷവും മാര്‍ച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസിലാക്കുകയും ജലദൗര്‍ലഭ്യം മൂലം വിഷമമനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കുകയുമാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. യുഎന്നിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് നാലില്‍ ഒരാള്‍ ശുദ്ധ ജലം ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്. അതായത് ഏകദേശം രണ്ടു ബില്യണ്‍ ആളുകള്‍ സുരക്ഷിതമായ ജലം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
'ജലം ഒരിക്കലും പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ യുദ്ധത്തിനുള്ള സാഹചര്യം ഒരുക്കുകയോ ചെയ്യരുത്, മറിച്ച് നമ്മുടെയും ഭാവി തലമുറകളുടെയും പ്രയോജനത്തിനായി സംരക്ഷിക്കപ്പെടണം' - ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
എല്ലാ ആഴ്ചയിലുമുള്ള പൊതു സദസില്‍ സംസാരിക്കവേയാണ് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മപ്പെടുത്തല്‍. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കണമെന്ന് തന്റെ സന്ദേശങ്ങളിലും എഴുത്തുകളിലും എപ്പോഴും പാപ്പ പരാമര്‍ശിക്കാറുണ്ട്. തന്റെ ലൗദാത്തോ സീ എന്ന ചാക്രിക ലേഖനത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ചിന്തകളെ പകര്‍ത്തിയത് പാപ്പ അനുസ്മരിച്ചു.
ഉപയോഗപ്രദവും എളിമയുള്ളതും വിലയേറിയതും നിര്‍മലവുമായ സഹോദരി എന്ന് ജലത്തെ വിശേഷിപ്പിച്ചുകൊണ്ട് ദൈവത്തെ സ്തുതിക്കുന്ന ഫ്രാന്‍സിസ് അസീസിയുടെ വാക്കുകള്‍ ദൈവസൃഷ്ടിയുടെ മനോഹാരിത വിളിച്ചോതുന്നതാണ്. ഈ ലളിതമായ വാക്കുകളിലൂടെ സൃഷ്ടിയുടെ സൗന്ദര്യവും അതിനെ പരിപാലിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധവും നമുക്കു നല്‍കുന്നതായി പരിശുദ്ധ പിതാവ് പറഞ്ഞു.
ഈ ദിവസങ്ങളില്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് രണ്ടാം യുഎന്‍ ജലഉച്ചകോടി നടക്കുന്നതും പാപ്പ പരാമര്‍ശിച്ചു. 'ജല ലഭ്യതയെക്കുറിച്ചുള്ള സമ്മേളത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ സുപ്രധാന സമ്മേളനം ജലക്ഷാമം അനുഭവിക്കുന്നവര്‍ക്ക് അനുകൂലമായ നടപടികള്‍ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു' - പാപ്പ പറഞ്ഞു.
അമിതമായ ഉപയോഗവും കാലാവസ്ഥാ വ്യതിയാനവും മൂലം വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകളാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആയിരത്തിലധികം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26