കാനഡയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത് ഖലിസ്ഥാന്‍ അനുകൂലികള്‍; ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും എഴുതി

കാനഡയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത് ഖലിസ്ഥാന്‍ അനുകൂലികള്‍; ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും എഴുതി

ഒന്റാറിയോ: ലണ്ടനിലും സാന്‍ഫ്രാന്‍സിസ്‌കോയിലും നടന്ന ആക്രമണങ്ങള്‍ക്കു പിന്നാലെ കാനഡയിലും ഖലിസ്ഥാന്‍ അനുകൂലികളുടെ അതിക്രമം. കാനഡയിലെ ഒന്റാറിയോയില്‍ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ വികൃതമാക്കുകയും ഖലിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു.

ഒന്റാറിയോ പ്രവിശ്യയിലെ ഹാമില്‍ട്ടണിലെ സിറ്റി ഹാളിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിമ തകര്‍ത്തത്. ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മാനിച്ച ആറടി ഉയരമുള്ള പ്രതിമയാണ് തകര്‍ത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ മുദ്രാവാക്യങ്ങളും പ്രതിമയില്‍ എഴുതി. ഗാന്ധിജിയുടെ കൈയിലുള്ള വടിയില്‍ ഖാലിസ്ഥാന്‍ പതാക കെട്ടിവയ്ക്കുകയും ചെയ്തു.

ഇതോടെ നഗര അധികാരികള്‍ പ്രതിമ വൃത്തിയാക്കാനുള്ള നടപടിയാരംഭിച്ചു. പ്രതിമ വികൃതമാക്കിയത് സംബന്ധിച്ച് പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നതായും ഹാമില്‍ട്ടണ്‍ പൊലീസ് സ്ഥിരീകരിച്ചു. തീവ്ര സിഖ് സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' നേതാവ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള പഞ്ചാബ് പെലീസിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് വിദേശ രാജ്യങ്ങളില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അതിക്രമം തുടരുന്നത്.

പ്രതിഷേധവുമായി ബന്ധപ്പെട്ട് കനേഡിയന്‍ അധികൃതര്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മര്‍ലിന്‍ ഗുവ്രെമോണ്ട് പറഞ്ഞു. അക്രമത്തിനെതിരെ നടപടി എടുക്കുമെന്നും ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണമുണ്ടായത്. വാളുകളും മരക്കമ്പുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കോണ്‍സുലേറ്റിലെത്തിയ അക്രമികള്‍ വാതിലുകളുടെയും ജനലുകളുടെയും ചില്ലുകള്‍ അടിച്ചുതകര്‍ത്തിരുന്നു.

ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മിഷന് നേരെ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയായിരുന്നു സാന്‍ഫ്രാന്‍സിസ്‌കോയിലും ഖലിസ്ഥാന്‍ അനുകൂലികളുടെ അതിക്രമം. ഇന്ത്യന്‍ ഹൈകമ്മിഷനിലെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ ത്രിവര്‍ണ പതാക അഴിച്ചുമാറ്റുകയും ഖലിസ്ഥാന്‍ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിക്രമത്തില്‍ രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.