രാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം: ട്രെയിന്‍ തടഞ്ഞും മോഡിയുടെ കോലം കത്തിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

 രാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം: ട്രെയിന്‍ തടഞ്ഞും മോഡിയുടെ കോലം കത്തിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമ്മേളനങ്ങളും മാര്‍ച്ചും നടത്തി.

റായ്പൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കുകയും ബിജെപി പോസ്റ്ററുകള്‍ക്ക് മുകളില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.

മധ്യപ്രദേശില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ തടഞ്ഞു. ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ദക്ഷിണ്‍ എക്സ്പ്രസ് ട്രെയിനാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ തീരുമാനത്തെ അപലപിക്കുന്നുവെന്നും അതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാനാ പടോലെ പറഞ്ഞു. എന്‍.സി.പി, ശിവസേന എംഎല്‍എമാരും പ്രതിഷേധിച്ചു.

ബിഹാറില്‍ ഭരണകക്ഷിയിലെ ജെ.ഡി.യു ഒഴികെയുള്ള പാര്‍ട്ടികള്‍ നിയമസഭാ പരിസരത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, സി.പി.ഐ(എം.എല്‍.) ലിബറേഷന്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ഗുജറാത്തിലെ 19 ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിശ്ശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്തെ 33 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് ഹിരേന്‍ ബങ്കര്‍ പറഞ്ഞു.

കേരളത്തിലും വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ആലുവയില്‍ നരേന്ദ്ര മോഡിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രകടനം നടത്തി സ്റ്റേഷന്‍ കവാടത്തില്‍ ടയര്‍ കത്തിച്ചു.

രാഹുലിന്റെ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായിരുന്ന വയനാട്ടിലെ കല്‍പ്പറ്റയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഡി.സി.സി ഓഫീസില്‍ നിന്ന് പ്രതിഷേധ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് കല്‍പ്പറ്റ നഗരത്തില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ടി. സിദ്ദിഖ് എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് ജല പീരങ്കി പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പിരിച്ചു വിട്ടത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.