യുദ്ധവും ഭൂകമ്പവും; വിശുദ്ധ നാട്ടിലെ ജനങ്ങള്‍ക്കു പിന്തുണയുമായി വത്തിക്കാന്‍; ദുഃഖവെള്ളിയിലെ സ്‌തോത്രക്കാഴ്ച ഉദാരമാക്കാന്‍ മാര്‍പ്പാപ്പ

യുദ്ധവും ഭൂകമ്പവും; വിശുദ്ധ നാട്ടിലെ ജനങ്ങള്‍ക്കു പിന്തുണയുമായി വത്തിക്കാന്‍; ദുഃഖവെള്ളിയിലെ സ്‌തോത്രക്കാഴ്ച ഉദാരമാക്കാന്‍ മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രകൃതി ദുരന്തങ്ങളാലും യുദ്ധക്കെടുതികള്‍ മൂലവും ദുരിതമനുഭവിക്കുന്ന വിശുദ്ധ നാട്ടിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായിരിക്കണം ഈ വര്‍ഷത്തെ ദുഃഖവെള്ളി ദിനാചരണത്തിലെ സ്‌തോത്രക്കാഴ്ചയെന്ന് ഫ്രാന്‍സിസ് പാപ്പ. പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയാണ് മാര്‍പ്പാപ്പയെ പ്രതിനിധീകരിച്ച് ലോകമെമ്പാടുമുള്ള ബിഷപ്പുമാര്‍ക്ക് കത്ത് അയച്ചത്.

വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തെ പിന്തുണയ്ക്കാന്‍ ദുഃഖവെള്ളി ദിനത്തില്‍ ലോകമെമ്പാടുമുള്ള കത്തോലിക്കാ ദേവാലയങ്ങളില്‍ പ്രത്യേക ശേഖരണം നടത്തും. അതിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ വിശ്വാസികള്‍ തയാറാകണമെന്ന് കത്തിലൂടെ ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. ജറുസലേമില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ട, സിറിയയിലും തുര്‍ക്കിയിലുമുണ്ടായ വിനാശകരമായ ഭൂകമ്പത്തെക്കുറിച്ച് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്
ജീവകാരുണ്യത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചതായി അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

'യുദ്ധം അവശേഷിപ്പിക്കുന്ന ഉണങ്ങാത്ത മുറിവുകള്‍, സമീപകാല ഭൂകമ്പത്തിന്റെ കെടുതികള്‍ എന്നിവ മനുഷ്യര്‍ പ്രതീക്ഷയര്‍പ്പിക്കുന്ന സുരക്ഷിതത്വത്തിന്റെ ദുര്‍ബലത ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നു. ദൈവത്തിന്റെ വിശ്വസ്തതയുടെ പാറയില്‍ കൂടുതല്‍ ശക്തിയോടെ വേരൂന്നാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു - കത്ത് തുടരുന്നു.

ഈ വര്‍ഷമാദ്യം ജറുസലേമിലെ ഒരു കത്തോലിക്ക പള്ളിയില്‍ ക്രിസ്തുവിന്റെ ശില്‍പം നശിപ്പിച്ച സംഭവം ആര്‍ച്ച് ബിഷപ്പ് ഗുഗെറോട്ടി അനുസ്മരിച്ചു. വികൃതമാക്കപ്പെട്ട കുരിശ്, ബോംബ് സ്‌ഫോടനത്തിലും കെട്ടിടം തകര്‍ന്നും മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണേണ്ടി വന്ന നിരവധി സഹോദരങ്ങളുടെ വേദന തിരിച്ചറിയാന്‍ നമ്മെ ക്ഷണിക്കുന്നു. അവരോടൊപ്പം കൈകോര്‍ത്ത് കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്ന വിശുദ്ധ ഭൂമിയിലെ ഫ്രാന്‍സിസ്‌കന്‍ വൈദികരുടെയും മറ്റുള്ളവരുടെയും പ്രവര്‍ത്തനത്തെ ആര്‍ച്ച് ബിഷപ്പ് പ്രശംസിച്ചു.

പിഞ്ചു കുഞ്ഞുങ്ങളെ പരിചരിച്ചും കുട്ടികളെയും യുവാക്കളെയും പഠിപ്പിച്ചും പ്രയാസമനുഭവിക്കുന്ന അമ്മമാരെ സഹായിച്ചും പ്രായമായവരെയും രോഗികളെയും പരിചരിച്ചും കുടുംബങ്ങള്‍ക്കായി ഭവന പദ്ധതികള്‍ വാഗ്ദാനം ചെയ്തും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികള്‍ പ്രത്യാശയുടെ ഉറവിടങ്ങളായി തുടരുന്നതായി ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

വത്തിക്കാനാണ് വിശുദ്ധ നാടിന് വേണ്ടിയുള്ള നേര്‍ച്ച സ്വീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. 1974-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ ദുഃഖവെള്ളി ഈ പ്രത്യേക നേര്‍ച്ച സ്വീകരണത്തിനുള്ള ദിനമായി നിശ്ചയിക്കുകയായിരുന്നു.

കഴിഞ്ഞ എണ്ണൂറു വര്‍ഷങ്ങളിലധികമായി വിശുദ്ധ നാട്ടിലെ ദേവാലയങ്ങളുടെയും പുണ്യ സ്ഥലങ്ങളുടെയും നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്‌കന്‍ വൈദികര്‍ക്കാണ് സ്‌തോത്രക്കാഴ്ചയുടെ 65% കൈമാറുന്നത്. സെമിനാരി വിദ്യാര്‍ത്ഥികളെയും പുരോഹിതരെയും സഹായിക്കുന്നതിനായി പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിനാണ് ബാക്കി 35% ലഭിക്കുക.

ജെറുസലേം, പലസ്തീന്‍, ഇസ്രായേല്‍, ജോര്‍ദ്ദാന്‍, സൈപ്രസ്, സിറിയ, ലെബനോന്‍, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുര്‍ക്കി, ഇറാന്‍, ഇറാഖ് എന്നീ രാഷ്ട്രങ്ങളാണ് ഈ സ്‌തോത്രക്കാഴ്ചയുടെ മറ്റ് ഗുണഭോക്താക്കള്‍. കഴിഞ്ഞ വര്‍ഷം ഒന്‍പതു മില്യണിലധികം അമേരിക്കന്‍ ഡോളറാണ് സമാഹരിച്ചത്.

വിശുദ്ധ നാടിനായുള്ള ഈ ദുഃഖവെള്ളി ശേഖരണത്തില്‍ ഉദാരമനസ്‌കതയോടെ സഹായിക്കാന്‍ എല്ലാ ബിഷപ്പുമാരെയും വിശ്വാസികളെയും ക്ഷണിച്ചുകൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് ഗുഗെറോട്ടി കത്ത് ഉപസംഹരിക്കുന്നത്. വിശുദ്ധ ഭൂമിയിലെ ആത്മീയ വളര്‍ച്ചയ്ക്കായി സഹായിക്കുന്ന
എല്ലാവരോടുമുള്ള നന്ദിയും മാര്‍പ്പാപ്പ അറിയിച്ചു.

അമേരിക്കയില്‍ ദേവാലയങ്ങളില്‍ നിന്നുള്ള സ്‌തോത്രക്കാഴ്ചയ്ക്കു പുറമേ, ഓണ്‍ലൈന്‍ വഴിയായും ദുഃഖവെള്ളിയാഴ്ച സംഭാവന നല്‍കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.