പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി തുടങ്ങി; പിന്നീട് മലയാള സിനിമയുടെ 'ചിരി'ത്തമ്പുരാനായി

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി തുടങ്ങി; പിന്നീട് മലയാള സിനിമയുടെ 'ചിരി'ത്തമ്പുരാനായി

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ് ഇന്നസെന്റ്. ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ചിരി പടര്‍ത്തുന്ന ഡയലോഗുകളൊക്കെ മലയാളിയുടെ സാധാരണ സംഭാഷണങ്ങളില്‍ പോലും കടന്നുവരാറുണ്ട്. കച്ചവടക്കാരനായും ഫുട്‌ബോള്‍ കോച്ചായും നാടക നടനായും രാഷ്ട്രീയക്കാരനായുമൊക്കെ അരങ്ങ് നിറഞ്ഞ ഇന്നസെന്റ് സിനിമാ മോഹവുമായി മദ്രാസിലേക്ക് ട്രെയിന്‍ കയറിയതോടെയാണ് ജീവിതം മാറിമറിഞ്ഞത്.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയാണ് തുടക്കം. പിന്നീട് സംവിധായകന്‍ മോഹന്‍ മുഖേന അഭിനയ രംഗത്തെത്തി. 1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം. പിന്നീട് ഉര്‍വശി ഭാരതി, ഫുട്‌ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ചെറുവേഷങ്ങള്‍ ചെയ്തു. ഇടയ്ക്ക് ടൈഫോയിഡ് പിടിപെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ദാവണ്‍ഗെരേയിലേക്ക് തിരിച്ചു.

അവിടെ സഹോദരന്‍ സണ്ണി, കസിന്‍സായ ജോര്‍ജ്, ഡേവിസ് എന്നിവരുടെ തീപ്പെട്ടിക്കമ്പനിയില്‍ ജോലിക്കാരനായി. 1974 ല്‍ ഇവിടം വിട്ട് തുകല്‍ വ്യാപാരം ആരംഭിച്ചു. പിന്നെ സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്ന ജോലിയും ചെയ്തു. വോളിബോള്‍ കോച്ച്, സൈക്കിളില്‍ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വില്‍ക്കുന്ന കച്ചവടക്കാരന്‍ എന്നിങ്ങനെ പല ജോലികള്‍. അതിനിടെ നാടകങ്ങളില്‍ അഭിനയിച്ചു.

പിന്നീട് സിനിമയിലേക്ക് മടങ്ങിവന്ന ഇന്നസെന്റ് ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന നിര്‍മാണ കമ്പനി ആരംഭിച്ചു. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. നിര്‍മാണരംഗത്ത് സാമ്പത്തികമായി രക്ഷപ്പെടാന്‍ അദ്ദേഹത്തിനായില്ല.

1982-ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം ഓര്‍മയ്ക്കായി ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവാകുന്നത്. തൃശൂര്‍ ഭാഷയില്‍ ഇന്നസെന്റ് ആദ്യമായി സംസാരിക്കുന്നത് ഈ ചിത്രത്തിലായിരുന്നു. തനി തൃശൂര്‍കാരനായ റപ്പായിയായി ഇന്നസെന്റ് അരങ്ങുതകര്‍ത്തു. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങള്‍.

മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009 ല്‍ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു.

സ്‌കൂള്‍ പഠന കാലം മുതല്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു ഇന്നസെന്റ്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ആര്‍എസ്പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 1979 ല്‍ ഇരിഞ്ഞാലക്കുടയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. 2014 മെയ്യില്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2013-ല്‍ തൊണ്ടയ്ക്ക് അര്‍ബുദരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്റ് ചികിത്സ തേടി. ആ കാലഘട്ടം വേദന നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് വളരെ നര്‍മബോധത്തോടെയാണ് ഇന്നസെന്റ് ഓര്‍ത്തെടുത്തത്. ആ അനുഭവങ്ങള്‍ പ്രതിപാദിക്കുന്ന കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന അനുഭവസാക്ഷ്യം നിരവധി പേരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാണു ചെലുത്തിയത്. മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ്, ചിരിക്ക് പിന്നില്‍ (ആത്മകഥ), കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങളും രചിച്ചു.

ഇരിങ്ങാലക്കുടയില്‍ തെക്കേത്തല വറീത് മാര്‍ഗലീത്ത ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റിന്റെ ജനനം.  ലിറ്റില്‍ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷനല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്എന്‍എച്ച് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. ആലീസ് ആണ് ഭാര്യ. സോണറ്റ് ഏകമകനാണ്. രശ്മി സോണറ്റാണ് മരുമകള്‍. ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ് എന്നിവര്‍ പേരക്കുട്ടികളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.