ആ ചിരി ഇനി ദീപ്തമായ ഓര്‍മ്മ; ഇന്നസെന്റിന് യാത്രാമൊഴിയേകി കലാകേരളം

ആ ചിരി ഇനി ദീപ്തമായ ഓര്‍മ്മ; ഇന്നസെന്റിന് യാത്രാമൊഴിയേകി കലാകേരളം

തൃശൂര്‍: നടന്‍ ഇന്നസെന്റിന് യാത്രാമൊഴിയേകി കലാകേരളം. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ഇന്നസെന്റിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. രാവിലെ ഒമ്പതരയോടെ വീട്ടില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനാണ് സംസ്‌കാര ശൂശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്.

തുടര്‍ന്ന് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇതിനുശേഷം വിലാപ യാത്രയായാണ് ഇന്നസെന്റിന്റെ മൃതദേഹം സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോയത്. ഭാര്യ ആലീസ്, മകന്‍ സോണറ്റ്, മകന്റെ ഭാര്യ രശ്മി തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു. സിനിമാ പ്രവര്‍ത്തകരും നാട്ടുകാരും രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും അടക്കം വന്‍ ജനാവലിയാണ് വിലാപയാത്രയില്‍ പങ്കുചേര്‍ന്നത്.

പള്ളിയിലെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് ശേഷം ഭാര്യ ആലീസ്, മകന്‍ സോണറ്റ്, ചെറുമകന്‍ ഇന്നസെന്റ് ജൂനിയര്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ അന്ത്യചുംബനം നല്‍കി യാത്രാമൊഴിയേകി. മാതാപിതാക്കളെ അടക്കിയ കല്ലറയ്ക്ക് സമീപമാണ് ഇന്നസെന്റിനെയും അടക്കിയത്.

മന്ത്രിമാരായ ആര്‍. ബിന്ദു, കെ. രാജന്‍, വി.എന്‍ വാസവന്‍ നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു, ടൊവിനോ തോമസ്, ദിലീപ്, ദേവന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം ഇന്നലെ വൈകിട്ട് ആറോടെയാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടിലും നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. നടന്മാരായ മോഹന്‍ലാലും സുരേഷ് ഗോപിയും വീട്ടില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. ഇന്നലെ രാവിലെ കൊച്ചി

കടവന്ത്രയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
വലിപ്പച്ചെറുപ്പമില്ലാതെ മലയാള സിനിമാ ലോകത്തെ ഒന്നടക്കം ചേര്‍ത്തു പിടിച്ച വ്യക്തിത്വങ്ങളിലൊരാളെന്നാണ് ഇന്നസെന്റിനെ സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നത്. സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് പ്രസിഡന്റ് പദവിയില്‍ പതിനെട്ട് വര്‍ഷത്തോളം കാലയളവില്‍ അദ്ദേഹമിരുന്നതിന് കാരണവും ഇതാണ്.

ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാന്‍ കഴിയുന്നൊരിടമായിരുന്നു ഇന്നസെന്റ് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ 'പാര്‍പ്പിടം' എന്ന വീടുമെന്ന് സഹപ്രവര്‍ത്തകരും ഓര്‍മ്മിക്കുന്നു. ആ വീട്ടില്‍ നിന്നും ഇന്നച്ഛന്‍ ഇന്ന് അവസാനം വിട പറഞ്ഞപ്പോള്‍ വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരുടേയും കണ്ണുകള്‍ ഈറനണിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.