സൈന്യത്തിന്റെ വെടിയുണ്ടകള്‍ കാണാതായി; രണ്ട് ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോങ് ഉന്‍

സൈന്യത്തിന്റെ വെടിയുണ്ടകള്‍ കാണാതായി; രണ്ട് ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോങ് ഉന്‍

സോള്‍: സൈന്യത്തിന്റെ പക്കല്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായതിനെ തുടര്‍ന്ന് ഹെയ്‌സാന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. രണ്ട് ലക്ഷത്തോളം ജനങ്ങള്‍ പാര്‍ക്കുന്ന നഗരത്തില്‍ അപ്രതീക്ഷിത ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ നഗരവാസികള്‍ ദുരിതത്തിലായി.

സൈന്യത്തിന്റെ 653 റൈഫിള്‍ ബുള്ളറ്റുകള്‍ കാണാതായതിനെ തുടര്‍ന്ന് അവ കണ്ടെത്തുന്നതിനാണ് കിം ഹെയ്‌സാന്‍ നഗരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് ഏഴിനാണ് റൈഫിള്‍ ബുള്ളറ്റുകള്‍ കാണാതായതായി മേലുദ്യോഗസ്ഥരോട് സൈന്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 25 നും മാര്‍ച്ച് 10 നും ഇടയില്‍ ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തെ സൈന്യത്തെ പിന്‍വലിച്ച സമയത്താണ് ബുള്ളറ്റുകള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടതെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.

നഷ്ടപ്പെട്ട 653 ബുള്ളറ്റുകള്‍ക്കായി സൈനികര്‍ രഹസ്യമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് മേലുദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വ്യാപക തിരച്ചില്‍ നടത്താനും ബുള്ളറ്റുകള്‍ തിരികെ ലഭിക്കും വരെ നഗരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും കിം ജോങ് ഉന്‍ ഉത്തരവിടുകയായിരുന്നു.

നഗരത്തിലെ ഓരോ വീടുകളിലും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. വെടിയുണ്ടകള്‍ കാണാതായത് സംബന്ധിച്ച് ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശോധ ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും ബുള്ളറ്റുകള്‍ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.