കഞ്ചാവ് കഴിഞ്ഞാല്‍ ഏറ്റവും പ്രചാരത്തിലുള്ള ലഹരി; ലാഫിങ് ഗ്യാസിന് യു.കെയില്‍ വിലക്ക്

കഞ്ചാവ് കഴിഞ്ഞാല്‍ ഏറ്റവും പ്രചാരത്തിലുള്ള ലഹരി; ലാഫിങ് ഗ്യാസിന് യു.കെയില്‍ വിലക്ക്

ലണ്ടന്‍: ലാഫിങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് വാതകത്തിന് യു.കെയില്‍ വിലക്ക്. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ കഞ്ചാവിന് ശേഷം ഏറ്റവും പ്രചാരത്തിലുള്ള ലഹരിയാണ് ഈ വാതകം. വാതകം വില്‍ക്കുന്നതിനും കൈയില്‍ സൂക്ഷിക്കുന്നതും വിലക്കുണ്ട്. സാമൂഹിക വിരുദ്ധ പെരുമാറ്റം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നിരോധനമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

16 മുതല്‍ 24 വയസ് വരെയുള്ള കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ ലഹരി എന്‍.ഒ.എസ് എന്നും അറിയപ്പെടുന്നു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പ്രഖ്യാപിച്ച പുതിയ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് നടപടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും ക്രിമിനല്‍ പ്രവര്‍ത്തനത്തിനും ശിക്ഷ നല്‍കുന്നതിന് പോലീസിന് അധിക അധികാരങ്ങള്‍ നല്‍കുന്നതാണ് പദ്ധതി.

നിരോധനത്തോടെ ഈ വാതകം കയ്യില്‍ സൂക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി മാറും. മനുഷ്യ ഉപഭോഗത്തിനായി നൈട്രസ് ഓക്‌സൈഡ് ഉത്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് നേരത്തേയും നിയമ വിരുദ്ധമായിരുന്നെങ്കിലും, കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായിരുന്നില്ല.

ചെറുപ്പക്കാര്‍ക്കിടയില്‍ ലാഫിങ് ഗ്യാസ് ഉണ്ടാക്കാനിടയുള്ള ആരോഗ്യപരവും സാമൂഹികപരവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് ആശങ്കയുണ്ടെന്ന് സര്‍ക്കാര്‍ നിരോധന ഉത്തരവില്‍ പറയുന്നു. രാജ്യത്ത് ആദ്യമായാണ് വാതകം കൈവശം വയ്ക്കുന്നത് കുറ്റകരമാക്കുന്നതെന്നും ചില്ലറ വ്യാപാരികള്‍ക്ക് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരുപയോഗം തടയുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

നിറമില്ലാത്ത വാതകമാണ് ലാഫിങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ്. മെഡിക്കല്‍ രംഗത്ത് ശസ്ത്രക്രിയയ്ക്ക് മുന്‍പ് അനസ്‌തേഷ്യ നല്‍കാന്‍ ഈ വാതകം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നേരിട്ട് ശ്വസിക്കുമ്പോള്‍, 'ഹിപ്പി ക്രാക്ക്' എന്നും അറിയപ്പെടുന്ന ഈ മരുന്ന് ഉപയോക്താവിനെ കുറച്ച് സമയത്തേക്ക് ഉന്മാദാവസ്ഥയിലെത്തിക്കുന്നു. ചെറിയ വെള്ളി കാനുകളില്‍ നിന്ന് ബലൂണുകളിലേക്ക് നിറച്ച ശേഷമാണ് ഈ വാതകം ശ്വസിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, വാതകം ശ്വസിക്കുന്നത് ചിരിയുണ്ടാക്കാം. അതേസമയം, ഇത് തലച്ചോറിനെയും ശരീരത്തിന്റെ പ്രതികരണങ്ങളെയും മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

നൈട്രസ് ഓക്‌സൈഡിന് അല്‍പ നേരത്തേക്ക് അമിത ഉന്മേഷം സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും തലവേദന, തലകറക്കം, മനോവിഭ്രാന്തി, ഭ്രമാത്മകത എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. ഉപയോക്താവ് വളരെയധികം നൈട്രസ് ഓക്‌സൈഡ് ശ്വസിക്കുകയാണെങ്കില്‍, ശരീരത്തില്‍ ഓക്‌സിജന്റെ അഭാവമുണ്ടാകാനും ബോധരഹിതരാകാനും ശ്വാസതടസത്തിനും സാധ്യതയുണ്ട്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, ബ്രിട്ടണില്‍ 2001 നും 2016 നും ഇടയില്‍ നൈട്രസ് ഓക്‌സൈഡ് ഉപയോഗിച്ചുള്ള 36 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നൈട്രസ് ഓക്‌സൈഡിന്റെ ഉപഭോഗം പൊതു ഇടങ്ങളെ മയക്കുമരുന്ന് ഉപയോഗിക്കുന്ന മേഖലകളാക്കി മാറ്റുകയാണെന്ന് സെക്രട്ടറി മൈക്കല്‍ ഗോവ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.