അമേരിക്കയില്‍ ജനിച്ച മംഗോളിയന്‍ ബാലന്‍ പത്താം റിംപോച്ചെ; തിരഞ്ഞെടുത്തത് ദലൈലാമ

അമേരിക്കയില്‍ ജനിച്ച മംഗോളിയന്‍ ബാലന്‍ പത്താം റിംപോച്ചെ; തിരഞ്ഞെടുത്തത് ദലൈലാമ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജനിച്ച മംഗോളിയന്‍ ബാലനെ പത്താം ഖാല്‍ഖ ജെറ്റ്സണ്‍ ഥാംപ റിംപോച്ചെ ആയി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ നാമകരണം ചെയ്തു.

ടിബറ്റന്‍ ബുദ്ധ മതത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പദവിയാണിത്. മാര്‍ച്ച് എട്ടിന് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ വച്ചാണ് എട്ട് വയസുള്ള കുട്ടിയ്ക്ക് ദലൈലാമ പദവി നല്‍കിയത്.

ചൈനയുടെ വേട്ടയാടലില്‍ നിന്ന് രക്ഷപ്പെട്ട ദലൈലാമ നിലവില്‍ ഹിമാചലിലെ ധരംശാലയിലാണ് ജീവിക്കുന്നത്. അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ മകനും മംഗോളിയന്‍ പാര്‍ലമെന്റിലെ മുന്‍ അംഗത്തിന്റെ ചെറുമകനുമാണ് ഈ കുട്ടി. ഒരു ഇരട്ട സഹോദരനുണ്ട്.

അതേ സമയം ചൈനയെ പ്രകോപിപ്പിക്കുന്നതാണ് ഈ നീക്കം. തങ്ങളുടെ സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ അംഗീകരിക്കൂ എന്നാണ് ചൈനയുടെ നിലപാട്. 1995 ല്‍ ദലൈലാമ 11ാം പഞ്ചന്‍ ലാമയെ തിരഞ്ഞെടുത്തിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ അന്ന് ആറ് വയസുണ്ടായിരുന്ന പഞ്ചന്‍ ലാമയേയും കുടുംബത്തെയും ചൈനീസ് ഭരണകൂടം തട്ടിക്കൊണ്ടുപോവുകയും പകരം തങ്ങളുടെ നോമിനിയെ പഞ്ചന്‍ ലാമയായി പ്രഖ്യാപിക്കുകയും ചെയ്തു.

തട്ടിയെടുക്കപ്പെട്ട പഞ്ചന്‍ ലാമയ്ക്ക് എന്ത് സംഭവിച്ചെന്നോ എവിടെയാണെന്നോ ആര്‍ക്കുമറിയില്ല. ടിബറ്റന്‍ ബുദ്ധമതത്തില്‍ ദലൈലാമയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന പദവിയാണ് പഞ്ചന്‍ ലാമയുടേത്.

പഞ്ചന്‍ലാമ ജീവനോടെയുണ്ടെന്നും ബിരുദധാരിയായ അദ്ദേഹം ഇന്ന് സാധാരണ ജീവിതം നയിക്കുകയാണെന്നുമാണ് ചൈനയുടെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.