കർണാടകയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി: ഒരു എംഎൽഎ കൂടി പാർട്ടി വിട്ട് കോണ്‍ഗ്രസിൽ ചേരുന്നു; ഇതുവരെ കൂറ് മാറിയത് ഒമ്പത് പേർ

കർണാടകയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി: ഒരു എംഎൽഎ കൂടി പാർട്ടി വിട്ട് കോണ്‍ഗ്രസിൽ ചേരുന്നു; ഇതുവരെ കൂറ് മാറിയത് ഒമ്പത് പേർ

ബംഗലൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ കക്ഷിയായ ബിജെപിയില്‍ തിരിച്ചടി തുടരുന്നു. ഒരു ബിജെപി എംഎൽഎ കൂടി പാർട്ടി വിട്ട് കോണ്‍ഗ്രസിൽ ചേരുന്നതായാണ് പുറത്ത് വരുന്ന വാർത്തകൾ.

കുഡ്‌ലിഗി എംഎൽഎ എൻ.വൈ. ഗോപാലകൃഷ്ണയാണ് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ഇദ്ദേഹം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ബിജെപിയില്‍ ചേർന്നത്.

കെപിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, എഐസിസി വക്താവ് രൺദീപ് സിംഗ് സുർജേവാല എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ തിങ്കളാഴ്ച രാത്രി ഗോപാലകൃഷ്ണ ബെംഗളൂരുവിലെ ഒരു സ്വകാര്യ റിസോർട്ടിൽ സന്ദർശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 

2018 വരെ കോൺഗ്രസിനൊപ്പമായിരുന്ന ഗോപാലകൃഷ്ണ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി വിട്ടത്. പിന്നീട് ബിജെപി ടിക്കറ്റില്‍ വിജയിച്ച് നിയമസഭയിലെത്തി. 1997 മുതൽ 2013 വരെ മോൾകാൽമുരു നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. പിന്നീട് ബല്ലാരി റൂറലിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചു.

ഇക്കാലത്തിനിടെ എംഎൽഎമാരും നേതാക്കളും അടക്കം കുറഞ്ഞത് ഒമ്പത് ബിജെപി അംഗങ്ങൾ കോൺഗ്രസിൽ എത്തിയിട്ടുണ്ട്. ഈ വർഷം മെയ്യിലാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.