കര്‍ണാടകയില്‍ വോട്ടെടുപ്പ് മെയ് 10 ന്; വയനാട്ടില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പില്ല

കര്‍ണാടകയില്‍ വോട്ടെടുപ്പ് മെയ് 10 ന്; വയനാട്ടില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പില്ല

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10 ന് നടക്കും. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും.

മാര്‍ച്ച് 30ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രികകള്‍ ഏപ്രില്‍ 20 വരെ സമര്‍പ്പിക്കാം. 21 നാണ് സൂക്ഷ്മ പരിശോധന. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 24 ആണ്.

കര്‍ണാടകയില്‍ ആകെ 224 സീറ്റുകളാണ് ഉള്ളത്. 9.17 ലക്ഷം കന്നി വോട്ടര്‍മാരാണ് കര്‍ണാടകയില്‍ ഉള്ളത്. 80 വയസിന് മുകളില്‍ 12.15 ലക്ഷം വോട്ടേഴ്സ് കര്‍ണാടകയിലുണ്ട്. 80 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് പരിഗണന നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ശാരീരിക പരിമിതി ഉള്ളവര്‍ക്കും പരിഗണ നല്‍കും.

ഏപ്രില്‍ മാസത്തില്‍ പതിനെട്ട് വയസ് തികഞ്ഞാല്‍ വോട്ട് രേഖപ്പെടുത്താം. ആകെ 52,282 പോളിങ് ബൂത്തുകളാണ് സജ്ജീകരിക്കുക. ഗോത്രവിഭാഗങ്ങള്‍ക്കായി പ്രത്യേക ബൂത്തുകള്‍ സജ്ജമാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ഗോത്ര വര്‍ഗങ്ങളെ തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികള്‍. നിലവില്‍ ഭരണകക്ഷിയായ ബിജെപിക്ക് 119 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 75 ഉം, ജെഡിഎസിന് 28 എംഎല്‍എമാരുമാണുള്ളത്.

അതേസമയം വയനാട്ടില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.