അരിക്കൊമ്പനെ പിടികൂടുന്നതില്‍ തീരുമാനം വൈകുന്നു; ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ജനകീയ ഹര്‍ത്താല്‍

അരിക്കൊമ്പനെ പിടികൂടുന്നതില്‍ തീരുമാനം വൈകുന്നു; ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ജനകീയ ഹര്‍ത്താല്‍

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ 13 പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ജനകീയ ഹര്‍ത്താല്‍. വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെയാണ് ജനകീയ ഹര്‍ത്താലിലേക്ക് പ്രദേശവാസികള്‍ കടന്നത്.

അരിക്കൊമ്പനെ പിടികൂടുന്നത് പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാട്ടാനയെ പിടികൂടാതെ എങ്ങനെ ആശങ്ക പരിഹരിക്കാമെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. പരിഹാര മാര്‍ഗങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കണമെന്നും വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

'കൊടും വനത്തില്‍ ആളുകളെ കൊണ്ടുവന്ന് പാര്‍പ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കാട്ടാന ആക്രമണം രൂക്ഷമായ മേഖലയില്‍ നിന്നും ആദിവാസികളെ എന്തുകൊണ്ട് മാറ്റിപ്പാര്‍പ്പിക്കുന്നില്ല'- കോടതി ചോദിച്ചു. ചിന്നക്കനാലിലെ അഞ്ച് കോളനികള്‍ ആവാസ മേഖലയില്‍ വരുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.

അരിക്കൊമ്പന്‍ അപകടകാരിയാണെന്ന് വനംവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 2005 ന് ശേഷം ചിന്നക്കനാല്‍-ശാന്തന്‍പാറ ഭാഗത്ത് 34 പേര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങള്‍ തകര്‍ത്തു.

2017 ല്‍ മാത്രം തകര്‍ത്തത് 52 വീടുകളും കടകളുമാണ്. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് വനം വകുപ്പിന്റെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.