കോഴിക്കോട്: കരിപ്പൂരില്‍ ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച ആറ് പേര്‍ പൊലീസ് പിടിയില്‍. കാരിയര്‍മാരായ മൂന്ന് യാത്രക്കാരെ പൊലീസുകാരെന്ന വ്യാജേന വാഹനത്തില്‍ കയറ്റി കൊണ്ടുപോകാനായിരുന്നു ശ്രമം.
ഇന്നലെ രാത്രിയോടെയാണ് സംഭവം. കാരിയര്‍മാര്‍ കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് കവര്‍ച്ച ചെയ്യുന്ന സംഘത്തെയാണ് പൊട്ടിക്കല്‍ സംഘം എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം പൊട്ടിക്കല്‍ സംഘത്തില്‍ പെട്ട ആറ് പേരെയാണ് കരിപ്പൂര്‍ പൊലീസ് പിടികൂടിയത്.
കള്ളക്കടത്ത് സ്വര്‍ണവുമായി എയര്‍പോര്‍ട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരില്‍ നിന്നും സ്വര്‍ണം കവരാനായിരുന്നു ശ്രമം. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, അമല്‍ കുമാര്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി മണ്ണൊര്‍ക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്.
മൂന്ന് പേരാണ് 3.18 കിലോയോളം സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. മൂന്നു പേരില്‍ ഒരാള്‍ വിവരം പൊട്ടിക്കല്‍ സംഘത്തെ അറിയിക്കുകയായിരുന്നു. തന്റെ കൂടെ രണ്ട് പേര്‍ വരുന്നുണ്ടെന്നും അവരുടെ കയ്യില്‍ സ്വര്‍ണമുണ്ടെന്നും. പൊട്ടിക്കല്‍ സംഘത്തിലെ ആറ് പേര്‍ക്കും ഒരാള്‍ക്കുമുള്‍പ്പെടെ ഏഴ് പേര്‍ക്ക് ഈ സ്വര്‍ണം വീതിച്ചെടുക്കാമെന്നായിരുന്നു പദ്ധതി.
എന്നാല്‍ എയര്‍പോര്‍ട്ടിന് അകത്തുവെച്ചു തന്നെ ഇവര്‍ മൂന്നുപേരും കസ്റ്റംസിന്റെ പിടിയിലായി. പിടികൂടിയ ആളുകളുമായി കസ്റ്റംസ് വാഹനത്തില്‍ വരുന്ന സമയത്താണ് പൊട്ടിക്കല്‍ സംഘത്തിലെ ആറ് പേരും വാഹനത്തിന് അടുത്തെത്തിയത്.
തുടര്‍ന്നാണ് കരിപ്പൂര്‍ പൊലീസ് ഈ ആറുപേരെയും അറസ്റ്റ് ചെയ്തത്. സിവില്‍ ഡ്രസില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെന്ന വ്യാജത്തിൽ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി സ്വര്‍ണം തട്ടാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.