ഓണ്‍കോളജി വാര്‍ഡിലെ കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങള്‍, നവജാത ശിശുവിന് മാമ്മോദീസ: ആശുപത്രിയിലും ദൈവീക ശുശ്രൂഷയുമായി മാര്‍പ്പാപ്പ; ഇന്ന് മടങ്ങും

ഓണ്‍കോളജി വാര്‍ഡിലെ കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങള്‍, നവജാത ശിശുവിന് മാമ്മോദീസ: ആശുപത്രിയിലും ദൈവീക ശുശ്രൂഷയുമായി മാര്‍പ്പാപ്പ; ഇന്ന് മടങ്ങും

വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് രണ്ടു ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയെ ഇന്നു ഡിസ്ചാര്‍ജ് ചെയ്യുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ ഓശാന ഞായറില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു മാര്‍പ്പാപ്പ കാര്‍മികത്വം വഹിക്കും.

ബുധനാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാപ്പ സുഖം പ്രാപിക്കുന്നതായി വത്തിക്കാന്‍ നേരത്തേ അറിയിച്ചിരുന്നു. ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ച മാര്‍പ്പാപ്പയ്ക്ക് ആന്റിബയോട്ടിക്‌സ് അടക്കമുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. ഡിസ്ചാര്‍ജ് ചെയ്തശേഷം പാപ്പ സാന്താ മാര്‍ത്തയിലെ വസതിയിലേക്കു മടങ്ങുമെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതിനിടെ ആശുപത്രി വാസത്തിനിടയിലും ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ദിവസം പീഡിയാട്രിക് ഓണ്‍കോളജി വാര്‍ഡില്‍ സന്ദര്‍ശനം നടത്തുകയും നവജാത ശിശുവിന് മാമ്മോദീസ നല്‍കുകയും ചെയ്തു. പരിശുദ്ധ പിതാവ് അരമണിക്കൂറോളം വാര്‍ഡില്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചു. അവര്‍ക്ക് ജപമാലയും പുസ്തകങ്ങളും ചോക്ലേറ്റും ഈസ്റ്റര്‍ മുട്ടകളും സമ്മാനിച്ചു.


ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ നവജാത ശിശുവിന് മാമ്മോദീസ നല്‍കുന്നു

'അര മണിക്കൂറോളം നീണ്ടുനിന്ന സന്ദര്‍ശനത്തിനിടയിലാണ് ഏതാനും ആഴ്ച മാത്രം പ്രായമുള്ള മിഗ്വല്‍ ഏയ്ഞ്ചല്‍ എന്ന കുഞ്ഞിന് മാര്‍പ്പാപ്പ മാമോദീസ നല്‍കിയത്. തുടര്‍ന്ന് അദ്ദേഹം തന്റെ വാര്‍ഡിലേക്കു മടങ്ങി' - വത്തിക്കാന്‍ പ്രസ് ഓഫീസ് വെളിപ്പെടുത്തി.

ബുധനാഴ്ച ഉച്ചയ്ക്ക് ശ്വാസതടസത്തെ തുടര്‍ന്നാണ് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ബ്രോങ്കൈറ്റിസ് ബാധിച്ചതായി കണ്ടെത്തി. ഇപ്പോള്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നു വത്തിക്കാന്‍ അധികൃതര്‍ വെളിപ്പെടുത്തി.

രോഗശാന്തിക്കായി ലഭിച്ച നിരവധി സന്ദേശങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും മാര്‍പ്പാപ്പ നന്ദി പ്രകടിപ്പിച്ചതായി വത്തിക്കാന്‍ വൃത്തങ്ങള്‍ പറഞ്ഞു. ആശുപത്രിയില്‍ തന്നെ സഹായിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ പാപ്പ പിസ കഴിക്കുകയും ചെയ്തു.

അതേസമയം, പരിശുദ്ധ പിതാവിന് പ്രാര്‍ത്ഥന നേര്‍ന്നു കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ സന്ദേശമയച്ചു. വെള്ളിയാഴ്ച്ചയാണ് മോഡി പാപ്പായ്ക്ക് പ്രാര്‍ത്ഥനാശംസകളോടെ സന്ദേശം അയച്ചത്. 'ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യത്തിനും അതിവേഗ സൗഖ്യത്തിനായും പ്രാര്‍ത്ഥിക്കുന്നു' - മോഡി സന്ദേശത്തില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.