ബ്രിട്ടീഷ് കാലത്തെ രാജ്യദ്രോഹ നിയമം പാക്കിസ്ഥാന്‍ റദ്ദാക്കി

ബ്രിട്ടീഷ് കാലത്തെ രാജ്യദ്രോഹ നിയമം പാക്കിസ്ഥാന്‍ റദ്ദാക്കി

ലാഹോര്‍: ബ്രിട്ടീഷ് കാലത്തെ രാജ്യദ്രോഹ നിയമം റദ്ദാക്കി പാക്കിസ്ഥാന്‍. ലാഹോര്‍ ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പാക്കിസ്ഥാന്‍ പീനല്‍ കോഡിന്റെ (പിപിസി) സെക്ഷന്‍ 124എ പ്രകാരമുള്ള രാജ്യദ്രോഹ കുറ്റമാണ് ജസ്റ്റിസ് ഷാഹിദ് കരീം റദ്ദാക്കിയത്. വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാറൂണ്‍ ഫാറൂഖ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഈ നിയമം ആദ്യം തയ്യാറാക്കിയത് തോമസ് മക്കാലെയാണെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പിന്നീട് 1860 ല്‍ ഇന്ത്യന്‍ പീനല്‍ കോഡ് നടപ്പിലാക്കിയപ്പോള്‍ അത് നീക്കം ചെയ്തു. എന്നാല്‍ 1870 ല്‍ ഐപിസി ഭേദഗതി ചെയ്തുകൊണ്ട് ഈ വകുപ്പ് വീണ്ടും ചേര്‍ക്കുകയായിരുന്നു. അക്കാലത്ത് വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഇത്തരം കര്‍ശന നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

വാദം കേട്ട ലാഹോര്‍ ഹൈക്കോടതി ഈ നിയമം റദ്ദാക്കി. ഇത് ഭരണഘടനയ്ക്ക് കീഴിലുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം, വിമര്‍ശനം എന്നിവ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമായി ഈ നിയമം ഉപയോഗിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ 124 എ വകുപ്പ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സെക്ഷന്‍ 124 എയുടെ ദുരുപയോഗത്തെക്കുറിച്ച് സംസാരിക്കവെ ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.