കര്‍ഷകരെ നേരിടാന്‍ കാക്കിപ്പട; അറസ്റ്റ്, കസ്റ്റഡി, വീട്ടു തടങ്കല്‍

കര്‍ഷകരെ നേരിടാന്‍ കാക്കിപ്പട; അറസ്റ്റ്, കസ്റ്റഡി, വീട്ടു തടങ്കല്‍

ന്യുഡല്‍ഹി: വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് രാജ്യം ഐക്യപ്പെട്ടതോടെ പൊലിസിനെ ഇറക്കി സമരത്തെ നേരിട്ട് കേന്ദ്ര സര്‍ക്കാര്‍. രാവിലെ 11ന് ആരംഭിച്ച ബന്ദില്‍ പരക്കെ സംഘര്‍ഷമുണ്ടായി. ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും കനത്ത പൊലിസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

ബന്ദിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉത്തര്‍പ്രദേശില്‍ കസ്റ്റഡിയിലായി. ഇടത് നേതാക്കളായ കെ.കെ രാഗേഷും പി.കൃഷ്ണപ്രസാദും ബിലാസ്പുരില്‍ അറസ്റ്റിലായി. സി.പി.എം മുന്‍ എം.പി സുഭാഷിണി അലിയും വീട്ടുതടങ്കലില്‍ ആണ്. രാവിലെ ഒരു വാഹനത്തില്‍ പോലീസ് സംഘമെത്തിയെന്നും രണ്ട് വനിതാ പോലീസുകാരെ വീടിനു മുന്നില്‍ നിര്‍ത്തിയശേഷം മറ്റുള്ളവര്‍ മടങ്ങിയെന്നും സുഭാഷിണി അലി പറഞ്ഞു.

തിങ്കളാഴ്ച സിംഘൂ അതിര്‍ത്തിയില്‍ കര്‍ഷകരെ കര്‍ഷകരെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ  ശേഷമാണ് കെജ്രിവാളിനെ പൊലിസ് വീട്ടുതടങ്കലിലാക്കിയതെന്ന് എഎപി നേതാക്കള്‍ ആരോപിച്ചു. പോലീസ് ഇത് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ രാവിലെ കെജ്രിവാളിന്റെ വീട്ടിലേക്ക് എത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.  പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. വനിത പ്രവര്‍ത്തകരെ പോലീസ് കൈകാര്യം ചെയ്തുവെന്നും വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും ആരോപണമുണ്ട്.

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കള്‍ നാളെ വൈകിട്ട രാഷ്ട്രപതിയെ കാണും. അതിനിടെ, കര്‍ഷകര്‍ സിംഘൂ അതിര്‍ത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു. ബന്ദിനിടെ ഹരിയാന മുഖ്യമ്രന്തി മനോഹര്‍ലാല്‍ ഖട്ടാര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഭാരത് ബന്ദില്‍ പഞ്ചാബും ഹരിയാനയും നിശ്ചലമായി. ബിജെപി ഭരിക്കുന്ന സംസ്ഥനങ്ങളിലും ബന്ദ് കാര്യമായി ബാധിച്ചു. കര്‍ഷകരെ കവര്‍ച്ച ചെയ്യുന്നത് മോദി അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമാണ്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ട്രെയിന്‍ തടഞ്ഞു. രാജ്യതലസ്ഥാനത്ത് 11 മണിക്ക് തുടങ്ങിയ റോഡ് ഉപരോധങ്ങള്‍ തുടരുകയാണ്. മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു.

അഹമ്മദാബാദ് - വിരാംഗം ദേശീയപാതയില്‍ ടയര്‍ കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജയ്പ്പൂരില്‍ കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഡല്‍ഹി - യുപി ദേശീയ പാതകളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.