വിശുദ്ധവാര തിരു കർമ്മങ്ങൾക്ക് തയ്യാറെടുത്ത്‌ യുഎഇ യിലെ ദേവാലയങ്ങൾ

വിശുദ്ധവാര തിരു കർമ്മങ്ങൾക്ക് തയ്യാറെടുത്ത്‌ യുഎഇ യിലെ ദേവാലയങ്ങൾ

യുഎഇ: യുഎഇ യിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പീഡാനുഭവവാരത്തിനുള്ള വിപുലമായ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ഓശാന ഞായറോടെ ആരംഭിക്കുന്ന വിശുദ്ധവാര തിരു കർമ്മങ്ങളുടെ സമയക്രമം ഇതിനോടകം എല്ലാ ദേവാലങ്ങളും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു.

അബുദാബി സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ പീഡാനുഭവ വാരത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഓശാനയോടനുബന്ധിച്ചുള്ള തിരു കർമ്മങ്ങൾ ഏപ്രിൽ 2 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2:30 ന് ആയിരിക്കും. പെസഹാ വ്യാഴാഴ്ചത്തെ കാലു കഴുകൽ ശുശ്രൂഷ രാവിലെ 6 മണിക്ക് ആണ് ക്രമീകരിച്ചിരിക്കുന്നത്. ദുഃഖ വെള്ളിയാഴ്ച രാവിലെ 7 മണിക്കും, ഉയിർപ്പു ഞായറാഴ്ച രാവിലെ 4:30 നും 9 മണിക്കും ആയിരിക്കും മലയാളത്തിലുള്ള തിരു കർമ്മങ്ങൾ.

മുസഫാ സെന്റ് പോൾസ് ദേവാലയത്തിലെ മലയാളത്തിലുള്ള വിശുദ്ധവാര തിരുകർമ്മങ്ങൾ ഓശാന ഞായറാഴ്ച രാവിലെ 10 മണിക്കുള്ള വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും. പെസഹാവ്യാഴാഴ്ചത്തെ ശുശ്രൂഷ രാത്രി 8:30 നും, ദുഃഖ വെള്ളിയാഴ്ചത്തെ ശുശ്രൂഷകൾ രാവിലെ 7 മണിക്കും, ഉച്ചകഴിഞ്ഞു 2 മണിക്കും ആയിരിക്കും. അന്നേദിവസം രാവിലെ 9:30 ന് മലങ്കര ക്രമത്തിൽ പീഡാനുഭവ കർമ്മങ്ങൾ ഉണ്ടായിരിക്കും.
ശനിയാഴ്ച രാത്രി 8:30 ന് മലയാളത്തിലുള്ള ഈസ്റ്റർ വിജിൽ നടത്തപ്പെടും. ഈസ്റ്റർ ഞായറാഴ്ചത്തെ കുർബാന രാവിലെ 6:30 നാണ്.

അൽ ഐൻ സെന്റ് മേരീസ് ദേവാലയത്തിൽ ഓശാന ഞായറാഴ്ചത്തെ വിശുദ്ധ കുർബാന രാവിലെ 10:30 ന്. വിശുദ്ധവാര തിരു കർമ്മങ്ങളുടെ വിശദ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ ഏപ്രിൽ 2 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഓശാനയുടെ തിരു കർമ്മങ്ങൾ ഉണ്ടായിരിക്കും. തദവസരത്തിൽ വിശ്വാസികൾക്ക് നൽകാനായി എം സി സി യുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും പ്രത്യേകമായി കുരുത്തോല നേരത്തെ തന്നെ ഇറക്കുമതി ചെയ്തിരുന്നു. പെസഹാ വ്യാഴം, ദുഃഖവെള്ളി എന്നീ ദിവസങ്ങളിലെ ശുശ്രൂഷകൾ രാവിലെ 5 മണിക്കായിരിക്കും. ഉയിർപ്പുഞായറാഴ്ച രാവിലെ 3 മണിക്ക് സീറോ മലബാർ ക്രമത്തിലും, വൈകിട്ട് 8 മണിക്ക് ലത്തീൻ ക്രമത്തിലും കുർബ്ബാന ഉണ്ടായിരിക്കും എന്ന് എം സി സി ഭാരവാഹികൾ അറിയിച്ചു.

ഷാർജ സെയിന്റ് മൈക്കിൾസ് ദേവാലയത്തിലും വിശുദ്ധ വാരാചാരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പെസഹാ വ്യാഴം രാവിലെ 5 മണിക്ക് ലത്തീൻ ക്രമത്തിലും, 5:30 ന് സീറോ മലങ്കര ക്രമത്തിലും, ഉച്ചകഴിഞ്ഞു 3:30 ന് സീറോ മലബാർ ക്രമത്തിലും തിരു കർമ്മങ്ങൾ ഉണ്ടായിരിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ 4 മണിക്ക് സീറോ മലബാർ ക്രമത്തിലും, ഉച്ചയ്ക്ക് 12 മണിക്ക് ലത്തീൻ ക്രമത്തിലും പീഡാനുഭവ കർമ്മങ്ങൾ നടത്തപ്പെടും. ദുഃഖശനിയാഴ്ച രാവിലെ 5:30 ന് സീറോ മലബാർ, വൈകിട്ട് 7:30 ന് ലത്തീൻ എന്നീ ക്രമങ്ങളിൽ തിരു കർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്.  ഈസ്റ്റർ ദിനത്തിൽ രാവിലെ 3 മണിക്കും, ഉച്ചയ്ക്ക് 2 മണിക്കും സീറോ മലബാർ കുർബ്ബാനയും, വൈകുന്നേരം 8:30 ന് ലത്തീൻ കുർബ്ബാനയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

റാസ്‌ അൽ ഖൈമ സെയിന്റ് ആന്റണി ഓഫ് പാദുവ ദേവാലയത്തിലെ തിരു കർമ്മങ്ങളുടെ സമയക്രമം നേരെത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഓശാന ഞായറാഴ്ചത്തെ കുർബ്ബാന വൈകുന്നേരം 3:30 ന് ആയിരിക്കും. അന്നേദിവസം രാവിലെ 9 മണിക്ക് നഖീൽ ദേവാലയത്തിൽ വച്ച് മലങ്കര ക്രമത്തിൽ കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. പെസഹാ വ്യാഴം വൈകുന്നേരം 7 മണിക്ക് ആരാധനയും, തുടർന്ന് 8 മണിക്ക് മലയാളത്തിൽ ദിവ്യബലിയും ക്രമീകരിച്ചിരിക്കുന്നു.
ദുഃഖവെള്ളിയാഴ്ച രാവിലെ 4:30 മുതൽ 7:30 വരെ ജസീറ ദേവാലയത്തിൽ മലങ്കര ക്രമത്തിൽ ശുശ്രൂഷ ഉണ്ടായിരിക്കും. വൈകുന്നേരം 5:30 ന് മലയാളത്തിലുള്ള കുരിശിന്റെ വഴിയും, തുടർന്ന് 7 മണിക്ക് പീഡാനുഭവ ശുശ്രൂഷകളും നടത്തപ്പെടും. ദുഃഖ ശനിയാഴ്ച രാവിലെ 7 ന് മലങ്കര ക്രമത്തിലും, രാത്രി 9 മണിക്ക് മലയാളത്തിലും കുർബാന ക്രമീകരിച്ചിരിക്കുന്നു. ഈസ്റ്റർ ഞായറാഴ്ചത്തെ ശുശ്രൂഷകൾ രാവിലെ 4 മണിക്ക് മലങ്കര ക്രമത്തിലും, ഉച്ചകഴിഞ്ഞു 3:30 ന് മലയാളത്തിലും ആയിരിക്കും.

ജബൽ അലി സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസ്സി ദേവാലയത്തിൽ ഓശാനയുടെ തിരു കർമ്മങ്ങൾ ഞായറാഴ്ച രാത്രി 8:15 നും, പെസഹാ ശുശ്രൂഷ ഏപ്രിൽ 5 ബുധനാഴ്ച രാത്രി 8:15 നും ആയിരിക്കും. പീഡാനുഭവ തിരു കർമ്മങ്ങൾ വെള്ളിയാഴ്ച രാവിലെ 6 മണിക്കും, ഈസ്റ്റർ ഞായറാഴ്ചത്തെ കുർബാന രാവിലെ 6 മണിക്കും നടത്തപ്പെടും.

ഫുജൈറ അവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് ദേവാലയത്തിലെ ഓശാന ഞായർ ശുശ്രൂഷകൾ രാവിലെ 5 മണിക്ക് മലങ്കര ക്രമത്തിലും, വൈകുന്നേരം 4 :30 ന് ലത്തീൻ ക്രമത്തിലും ആയിരിക്കും. പെസഹാവ്യാഴം രാവിലെ 5 മണിക്കും, ദുഃഖവെള്ളി വൈകുന്നേരം 3:15 നും സീറോ മലബാർ ക്രമത്തിൽ ശുശ്രൂഷകൾ നടത്തപ്പെടും. ദുഃഖ ശനിയാഴ്ച വൈകുന്നേരം 4:30 ന് ലത്തീൻ കുർബാന ഉണ്ടായിരിക്കും. ഉയിർപ്പു ഞായറാഴ്ച വൈകുന്നേരം 4:30 നാണ് സീറോ മലബാർ കുർബാന ക്രമീകരിച്ചിരിക്കുന്നത്. അന്ന് രാത്രി 7 മണിക്ക് ദിബ്ബയിലും മലയാളം കുർബാന ഉണ്ടായിരിക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.