മാഹി: സംസ്ഥാനത്ത് ഡീസല്‍, പെട്രോള്‍ വിലയില്‍ രണ്ട് രൂപയുടെ വര്‍ധനവ് വന്നതോടെ അയല്‍ സംസ്ഥാനമായ പുതുച്ചേരിയുടെ കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും മാഹിയില്‍ കുറവാണ്. മാഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്തും വര്‍ദ്ധിച്ചിട്ടുണ്ട്.
ഒരു ലിറ്റര്‍ പെട്രോളിന് മാഹിയില്‍ 93.80 രൂപയാണ് വില. മാഹിക്ക് ഏതാനും കിലോമീറ്ററുകള്‍ മാത്രം ഇപ്പുറത്തുള്ള തലശേരിയില്‍ 108.19 രൂപയാണ് വില. അതായത് 14 രൂപ 39 പൈസയുടെ വ്യത്യാസം. ഡീസലിന് 97 രൂപ 12 പൈസയാണ് കണ്ണൂരിലെ വില. മാഹിയിലാകട്ടെ 83 രൂപ 72 പൈസ. 13 രൂപ 40 പൈസയുടെ വ്യത്യാസം.
കാറിന്റെ ഫുള്‍ ടാങ്ക് കപ്പാസിറ്റി 35 ലിറ്റര്‍ ആണെങ്കില്‍ ഒരു തവണ മാഹിയില്‍ നിന്ന് പെട്രോള്‍ നിറച്ചാല്‍ 504 രൂപ ലാഭം. 125 ലിറ്റര്‍ ടാങ്കുള്ള ചരക്ക് വാഹനമെങ്കില്‍ ഫുള്‍ ടാങ്ക് ഡീസലടിച്ചാല്‍ 1675 രൂപ ലാഭിക്കാം.
അതുകൊണ്ട് തന്നെ മാഹിയിലെ പമ്പുകളിലെല്ലാം വന്‍ തിരക്കാണ് ഇപ്പോള്‍. മാഹി വഴി കടന്നു പോകുന്നവരെല്ലാം ഇന്ധനം നിറയ്ക്കാനുള്ള തിരക്കിലാണ്. ചെറിയ അളവില്‍ ഇന്ധനം നിറച്ചാല്‍ പോലും തരക്കേടില്ലാത്ത ഒരു തുക ലാഭിക്കാം.
17 പെട്രോള്‍ പമ്പുകളാണ് നിലവില്‍ മാഹിയിലിലുളളത്. പ്രതിദിനം നടക്കുന്നത് വന്‍ കച്ചവടം. ഇതിനിടെ മാഹിയില്‍ നിന്നും ഇന്ധന കടത്തും സജീവമായിട്ടുണ്ട്.12,000 ലിറ്റര്‍ സംഭരണ ശേഷിയുളള വലിയ ടാങ്കറുകളിലാണ് പ്രധാനമായും ഇന്ധനം കടത്തുന്നത്.
ഒരു ടാങ്കര്‍ ഇന്ധനം മാഹി അതിര്‍ത്തി കടത്തിയാല്‍ ലഭിക്കുന്ന ശരാശരി ലാഭം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ്. ന്യൂ മാഹി, ധര്‍മ്മടം സ്റ്റേഷനുകളില്‍ ഇതിനകം നിരവധി ഇന്ധനക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.