കാന്‍ബറ: സുരക്ഷാ ഭീഷണിയെതുടര്‍ന്ന് ഓസ്‌ട്രേലിയയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഉപകരണങ്ങളില്‍ നിന്ന് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പ് ടിക്‌ടോക് നിരോധിക്കുമെന്ന് റിപ്പോര്‍ട്ട്. ടിക്‌ടോക് സൃഷ്ടിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് ആഭ്യന്തര വകുപ്പിന്റെ അവലോകനത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി ആന്റണി അല്‍ബനീസി നിര്‍ദ്ദേശം നല്‍കിയതെന്ന് 'ദ ഓസ്ട്രേലിയന്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു. നിരോധനാജ്ഞ സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ച തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉപയോഗിക്കാനായി ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും നിരോധനം ബാധകമായിരിക്കും.
സംസ്ഥാന, ടെറിട്ടറി സര്‍ക്കാരുകള്‍ക്കും ഫെഡറല്‍ സര്‍ക്കാരിന്റെ നിരോധനത്തെക്കുറിച്ച് തിങ്കളാഴ്ച അറിയിപ്പ് ലഭിച്ചു. അവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും സമാനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണു സൂചന.
അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ ഉപകരണങ്ങളില്‍നിന്ന് ടിക് ടോക് നീക്കം ചെയ്തിരുന്നു. സൈബര്‍ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ രാജ്യങ്ങളും ആപ്പ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.
ടിക് ടോക് ഉപഭോക്തൃ ഡാറ്റ ചൈനീസ് സര്‍ക്കാരിന്റെ കൈകളില്‍ എത്തുമെന്ന കാരണത്താലാണ് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ പ്രശ്നങ്ങളില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ മറ്റ് രാജ്യങ്ങളെ പിന്തുടരണമെന്നും ഫെഡറല്‍ പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ടിക് ടോക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറാന്‍ ടിക് ടോക്കിനെയും മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിനെയും ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
യുവാക്കള്‍ക്കിടയില്‍ വളരെ ജനപ്രിയമായ ടിക് ടോക് ലോകത്തിലെ ഏറ്റവും വിജയകരമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ്. അമേരിക്കയില്‍ മാത്രം 100 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. അതേസമയം, സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന ആരോപണങ്ങള്‍ ടിക് ടോക് തുടര്‍ച്ചയായി നിഷേധിച്ചുവരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.