വത്തിക്കാൻ സിറ്റി: പെസഹാ വ്യാഴാഴ്ചത്തെ കാൽ കഴുകൽ ശുശ്രൂഷയ്ക്കായി പത്ത് വർഷത്തിന് ശേഷം ജുവനൈൽ ജയിലിൽ മാർപ്പാപ്പ തിരിച്ചെത്തുന്നു.
പത്തു വർഷങ്ങൾക്കു ശേഷം
പെസഹാവ്യാഴാഴ്ച്ചയിലെ തിരുക്കർമ്മങ്ങൾക്കായി ഫ്രാൻസിസ് മാർപാപ്പ
കാസൽ ഡെൽ മർമോ ജുവനൈൽ ജയിലിൽ തിരികെയെത്തുന്നു. ഈ വർഷത്തെ കാലുകഴുകൽ ശുശ്രൂഷ നടത്തുന്നത് ജയിലിലെ യുവ തടവുകാരുടെ കാൽ കഴുകിക്കൊണ്ടായിരിക്കും.
2013-ൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ഈസ്റ്റർ ത്രിദിന ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ സ്ഥലമാണ് ഇത്. ചരിത്രത്തിൽ ആദ്യമായി ഒരു മാർപ്പാപ്പ സ്ത്രീകളുടെ കാൽ കഴുകിക്കൊണ്ട് ചരിത്രം കുറിച്ച ദിവസം കൂടിയായിരുന്നു അത്. പന്ത്രണ്ട് പേരിൽ രണ്ട് പേർ സ്ത്രീകളും രണ്ട് പേർ മുസ്ലിങ്ങളും ആയിരുന്നു. അന്ന് മാർപ്പാപ്പയുടെ ഈ പ്രവർത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഏപ്രിൽ 6-ന് റോമിലെ ജുവനൈൽ ജയിലായ കാസൽ ഡെൽ മർമോയിൽ പെസഹാ വ്യാഴാഴ്‌ച തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകിയശേഷം, ഫ്രാൻസിസ് മാർപാപ്പ തന്റെ പോന്തിഫിക്കേറ്റിന്റെ ആദ്യ കുർബാന അർപ്പിച്ച "കൊയ്നാ ഡൊമിനി"യിലേക്ക് മടങ്ങും. ഏപ്രിൽ 1 ശനിയാഴ്ച, മാർപാപ്പ ജെമെല്ലി ഹോസ്പിറ്റൽ വിട്ട് ഏതാനും മണിക്കൂറുകൾക്ക് ശേഷം, വത്തിക്കാൻ പ്രസ് ഓഫീസ് ഈ കാര്യം സ്ഥിരീകരിച്ചിരുന്നു. ആഘോഷം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടില്ലെങ്കിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മാർപാപ്പ ആശുപത്രി വിട്ടശേഷം തന്റെ വിശുദ്ധവാര കാര്യപരിപാടി പുനരാരംഭിക്കാനുള തയ്യാറെടുപ്പിലാണ്. ഈസ്റ്റർ ആഘോഷങ്ങൾക്കും മാർപാപ്പ തന്നെ നേതൃത്വം വഹിക്കും. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി, വിശുദ്ധവാര ശുശ്രൂഷകൾ മാറ്റമില്ലാതെ തുടരും എന്ന് സ്ഥിരീകരിച്ചു. പതിവു പോലെ ഈസ്റ്റർ ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾക്കും കർദിനാൾമാരോടൊപ്പം മാർപാപ്പ തന്നെ നേതൃത്വം നൽകും.
പതിവുപോലെ പെസഹാ വ്യാഴാഴ്ചയിലെ ക്രിസം മാസ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കും. പിന്നീട് ജയിലിൽ കർത്താവിന്റെ തിരുവത്താഴ കുർബാനയും. അതിനിടയിൽ, വളരെ പുരാതനമായതും ഹൃദയങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കുന്നതുമായ കാൽകഴുകൽ ശുശ്രൂഷയും നടത്തി തിരുക്കർമ്മങ്ങൾ സമാപിക്കുമെന്ന് വത്തിക്കാൻ
അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.