കോവിഡിന് നന്ദി.... മാര്‍ഗരറ്റ് കീനാന്‍ ചരിത്രത്തിലേക്ക് നടന്നു കയറി

കോവിഡിന് നന്ദി.... മാര്‍ഗരറ്റ് കീനാന്‍  ചരിത്രത്തിലേക്ക്  നടന്നു കയറി

ലണ്ടന്‍: കോവിഡിന് നന്ദി പറഞ്ഞ് തൊണ്ണൂറാം വയസില്‍ മാര്‍ഗരറ്റ് കീനാന്‍ ചരിത്രത്തിലേക്ക് നടന്നു കയറി. വടക്കന്‍ അയര്‍ലന്‍ഡിലെ എന്നിസ്‌കില്ലനില്‍ നിന്നുള്ള മാര്‍ഗരറ്റ് ലണ്ടന്‍ സമയം രാവിലെ 6.30ന് കൊവെന്‍ട്രിയിലെ യൂണിവേഴ്‌സിറ്റി ആശുപതിയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പ്രതികരിച്ചു.

മാര്‍ഗരറ്റ് കീനാന് ആദ്യ ഡോസ് നല്‍കിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം ഫൈസര്‍ മരുന്നു കമ്പനി ബ്രിട്ടണിലെ പൊതുജനങ്ങള്‍ക്ക് ആദ്യമായി കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. കോവിഡിനെതിരായ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയ ആദ്യത്തെ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടണ്‍. ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്്‌സിനാണ് ബ്രിട്ടണ്‍ നല്‍കുന്നത്. പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍.

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഫൈസര്‍ അനുമതി തേടിയിട്ടുണ്ട്. ബ്രിട്ടനിലും ബഹ്‌റിനിലും അനുമതി തേടിയതിനു പിന്നാലെയാണ് ഫൈസര്‍ ഡിസിജിഐയെ സമീപിച്ചിരിക്കുന്നത്. അതിനിടെ ലാകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉല്‍പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരുമായി വാക്സിന്‍ വിതരണത്തില്‍ കരാറിലെത്താനുള്ള ശ്രമം അന്തിമ ഘട്ടത്തിലാണ്. ഒരു ഡോസിന് 250 രൂപ എന്ന നിരക്കിലാകും വിലയെന്നാണ് സൂചന.

മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നതിനുമുമ്പ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനെവാല നേരത്തെ വ്യക്തമാക്കിയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വന്‍തോതില്‍ വാക്സിന്‍ വിതരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനിടയില്‍ ആസ്ട്രാസെനകയുടെ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനായി തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.