ഇറ്റലിയില്‍ ഇനി ഇംഗ്ലീഷ് സംസാരിച്ചാല്‍ 90 ലക്ഷം വരെ പിഴ ചുമത്താന്‍ നീക്കം; പാര്‍ലമെന്റില്‍ കരട് ബില്‍ അവതരിപ്പിച്ചു

ഇറ്റലിയില്‍ ഇനി ഇംഗ്ലീഷ് സംസാരിച്ചാല്‍ 90 ലക്ഷം വരെ പിഴ ചുമത്താന്‍ നീക്കം; പാര്‍ലമെന്റില്‍ കരട് ബില്‍ അവതരിപ്പിച്ചു

റോം: ഇറ്റലിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ഇറ്റാലിയന്‍ അല്ലാത്ത ഭാഷ സംസാരിച്ചാല്‍ 90 ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ നീക്കം.

ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകള്‍ നിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടിയായ 'ബ്രതേഴ്സ് ഓഫ് ഇറ്റലി' അംഗം പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് എന്‍ജിന്‍ സോഫ്ട് വെയറായ ചാറ്റ്ജിപിടിക്ക് നിരോധനം ഏര്‍പ്പെടുത്തിയത് വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് ഇറ്റലിയുടെ പുതിയ നീക്കം. പ്രധാനമായും ഇംഗ്ലീഷ് ഭാഷാ ഭ്രമം തടയാനാണ് നിയമത്തിലൂടെ തീവ്ര വലതുപക്ഷ ഭരണകൂടം ലക്ഷ്യമിടുന്നത്.

പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയാല്‍ വിദേശ ഭാഷാ നിരോധനം ഇറ്റലിയില്‍ നിയമമാകും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം ഇംഗ്ലീഷ് സംസാരിച്ചാല്‍ ഒരു ലക്ഷം യൂറോ(ഏകദേശം 89.33 ലക്ഷം രൂപ)യാകും പിഴ ചുമത്തുക. എന്നാല്‍ ബില്ലിന്‍മേലുള്ള തുടര്‍നടപടികള്‍ എന്നുണ്ടാകുമെന്ന് വ്യക്തമല്ല.

ഇറ്റാലിയന്‍ ഭാഷ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നതെന്നാണ് വിശദീകരണം. ഇംഗ്ലീഷ് ഭാഷ ഇറ്റാലിയന്‍ ഭാഷയെ നശിപ്പിക്കുകയും ഭാഷയുടെ അന്തസ് കുറയ്ക്കുകയും ചെയ്യുകയാണെന്ന് കരട് ബില്ലില്‍ ആരോപിക്കുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടിട്ടും മറ്റു രാജ്യങ്ങള്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നത് വിരോധാഭാസവും തെറ്റായ നടപടിയുമാണെന്നും വിമര്‍ശനവുമുണ്ട്.

കമ്പനികളിലും വിവിധ സ്ഥാപനങ്ങളിലും ഇനി മുതല്‍ എല്ലാത്തിനും പ്രാദേശിക ഭാഷ മാത്രമേ ഉപയോഗിക്കാവൂ. പരിഭാഷപ്പെടുത്താന്‍ കഴിയാത്ത വാക്കുകള്‍ക്ക് മാത്രമേ വിദേശ ഭാഷ ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ.

അതേസമയം ബില്ലിനെതിരെ ഇറ്റലില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകര്‍ക്കുന്നതാണ് നീക്കമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. അന്താരാഷ്ട്ര വിപണിയിലെ മത്സരരംഗത്ത് ഇറ്റലിയെ പിറകോട്ടടിപ്പിക്കാന്‍ ഇത് ഇടയാക്കുമെന്നും നിരീക്ഷണമുണ്ട്. പ്രധാനമന്ത്രി ജോര്‍ജിയ മെലോനി അടുത്തിടെ വരെ നടത്തിയ പ്രസംഗങ്ങളില്‍ ഇംഗ്ലീഷ് പ്രയോഗിച്ചതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.